തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി ഉറപ്പാക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പി. വിജയൻ. എസ്.എച്ച്.ഒമാർ ഉൾപ്പെടെയുള്ള മുഴുവൻ സേനാംഗങ്ങൾക്കും ഈ ആനുകൂല്യം ലഭിക്കും. പോലീസുകാരുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമാണ് ഈ പുതിയ നീക്കം.
അടിയന്തര സേവനങ്ങളുടെ സ്വഭാവം പരിഗണിച്ച് എല്ലാവര്‍ക്കും കൃത്യമായി അവധി ലഭിക്കുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവികള്‍ ഉറപ്പുവരുത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. പൊലീസുകാരുടെ ഓരോ ആഴ്ചയിലെയും അവധി മുന്‍കൂട്ടി തന്നെ ഡ്യൂട്ടി രജിസ്റ്ററില്‍ രേഖപ്പെടുത്തണം. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും വ്യക്തിപരമായ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനും ആവശ്യത്തിന് സമയം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
കുടുംബവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട അവസരങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് അവധി അനുവദിക്കണം. വളരെ അടിയന്തരവും അത്യന്താപേക്ഷിതവുമായ സാഹചര്യങ്ങളില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് അര്‍ഹതപ്പെട്ട ആ ആഴ്ചയിലെ അവധി നിഷേധിക്കാന്‍ പാടില്ലെന്നും എഡിജിപി സര്‍ക്കുലറില്‍ പറയുന്നു.
SUMMARY: Mandatory weekly day off for police personnel; ADGP issues directive.
















