തിരുവനന്തപുരം: തിരിച്ചെത്തിയ പ്രവാസികേരളീയര്‍ക്കായുളള നോർക്ക റിട്ടേണി ഐ.ഡി കാർഡ് രജിസ്ട്രേഷനായുളള വെബ്ബ് പോര്‍ട്ടലിന്റെയും നോർക്ക സെന്ററില്‍ സജ്ജീകരിച്ച പ്രത്യേകം എന്‍റോള്‍മെന്റ് സഹായ കേന്ദ്രത്തിന്റെയും ഉദ്ഘാടനം നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ പ്രകാശ് പി ജോസഫ് നിര്‍വ്വഹിച്ചു. ഏറെകാലമായി പ്രവാസികേരളീയരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു തിരിച്ചെത്തിയവര്‍ക്കായുളള ആധികാരികമായ തിരിച്ചറിയല്‍ രേഖ. വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കു പ്രയോജനപ്പെടുന്നതിനൊപ്പം തിരിച്ചെത്തിയ പ്രവാസികേരളീയര്‍ക്കായുളള വിവിധ ക്ഷേമ പുനരധിവാസ പദ്ധതികള്‍ക്കും റിട്ടേണി ഐ ഡി കാർഡ് പ്രയോജനകരമാകുമെന്ന് പ്രകാശ് പി ജോസഫ് പറഞ്ഞു.
രാജ്യത്ത് മറ്റു സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും കുറഞ്ഞത് രണ്ടു വർഷമെങ്കിലും പ്രവാസിയായിരുന്ന ശേഷം നാട്ടില്‍ തിരിച്ചെത്തിയ കേരളീയർക്കാണ് കാർഡിന് അര്‍ഹത. നോർക്ക റൂട്ട്സിന്റെ വെബ് സൈറ്റായ www.norkaroots.kerala.gov.in സന്ദർശിച്ച് പോർട്ടലിൽ പ്രവേശിക്കാം. ഓൺലൈനായും, സംസ്ഥാനത്തെ മൂവായിരത്തിലധികം അക്ഷയ കേന്ദ്രങ്ങളിലൂടെയും കാർഡിന് അപേക്ഷ നല്‍കാനാകും. മൂന്നുവർഷത്തെ കാലാവധിയുളള ഐ.ഡി കാർഡിന് 200 രൂപയാണ് ഫീസ്. എൻറോൾമെന്റിനു ശേഷം രേഖകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയാകുമ്പോള്‍ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലേക്ക് ഇ‑കാർഡുകൾ ലഭിക്കുന്നതാണ്. പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, ആധാർ കാർഡ്, പ്രവാസി ആയിരുന്നതിനുള്ള തെളിവ് എന്നിവ രജിസ്ട്രേഷനായി നല്‍കണം.
SUMMARY: NORKA identity cards for returning expatriates; registration portal launched.
















