റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതര്‍ നടത്തിയ രൂക്ഷമായ ഭീകരാക്രമണത്തില്‍ മൂന്ന് സൗദി പൗരന്മാര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വിമാനത്താവളത്തിലെ സൗകര്യങ്ങളെയും സൗദിയയുടെ ഒരു വിമാനത്തെയുമാണ് ആക്രമണകാരികള്‍ ലക്ഷ്യമിട്ടത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ തങ്ങളുടെ ജീവനക്കാരനായ ക്യാപ്റ്റന്‍ ഹമൂദ് അലി അല്‍-കല്‍താമി ആണെന്ന് സൗദിയ സ്ഥിരീകരിച്ചു.
അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ച കൃത്യമായ സാഹചര്യങ്ങളെക്കുറിച്ച് എയര്‍ലൈന്‍ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല. വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന തങ്ങളുടെ ഒരു വിമാനത്തിന് ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചുവെന്നും വിമാനത്തില്‍ യാത്രക്കാരാരും ഉണ്ടായിരുന്നില്ല എന്നും എയര്‍ലൈന്‍ പറഞ്ഞു. വ്യാഴാഴ്ച കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ട് രണ്ട് ആക്രമണങ്ങള്‍ നടന്നതായി സൗദി അറേബ്യയുടെ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പറഞ്ഞതിന് പിന്നാലെയാണ് പ്രഖ്യാപനം.
ആദ്യ ആക്രമണം വിമാനത്താവള സൗകര്യങ്ങളെ ലക്ഷ്യം വച്ചായിരുന്നുവെന്നും രണ്ടാമത്തേത് സൗദിയ വിമാനത്തെ ലക്ഷ്യം വച്ചായിരുന്നുവെന്നും ജിഎസിഎ പറഞ്ഞു. ആക്രമണങ്ങളില്‍ സൗദിയ പൈലറ്റിനെ കൂടാതെ മൂന്ന് സൗദി പൗരന്മാര്‍ കൊല്ലപ്പെടുകയും നിരവധി സൗദി പൗരന്മാര്‍ക്കും വ്യത്യസ്ത രാജ്യങ്ങളിലെ താമസക്കാര്‍ക്കും പരുക്കേല്‍ക്കുകയും ചെയ്തതായി അതോറിറ്റി പറഞ്ഞു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
SUMMARY: Houthi attack on Riyadh airport; three Saudi citizens killed
















