കൊച്ചി: നെടുമ്പാശേരിയില്‍ മൂന്ന് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ കാർ അപകടക്കേസിലെ മുഖ്യപ്രതി സുഹൈല്‍ സജീവ് ഉള്‍പ്പെടെയുള്ള നാലുപേരെ പോലീസ് വീണ്ടും കസ്റ്റഡിയില്‍ വാങ്ങി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ നാളെ വൈകിട്ട് അഞ്ചുമണി വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്.
പ്രതികളുടെ ജാമ്യാപേക്ഷ എറണാകുളം അഡീഷണല്‍ സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു. അപകടമുണ്ടാക്കിയ മിനി കൂപ്പർ കാർ ഡല്‍ഹിയില്‍ നിന്നുള്ള ബിഎംഡബ്ല്യു ഉദ്യോഗസ്ഥർ നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനിലെത്തി പരിശോധിച്ചു. അപകടസമയത്ത് സുഹൈല്‍ 150 കിലോമീറ്റർ വേഗതയിലാണ് വാഹനമോടിച്ചതെന്ന് കണ്ടെത്തി.
കൂടാതെ സുഹൈലിന്റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യത്തിന്റെ അളവ് ഉണ്ടായിരുന്നതായി ശാസ്ത്രീയ പരിശോധനാഫലവും സ്ഥിരീകരിച്ചു. ഒക്ടോബർ 10ന് പുലർച്ചെ പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. സുഹൈല്‍ ഓടിച്ച മിനി കൂപ്പർ കാർ മൂന്നുപേർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിലിടിക്കുകയായിരുന്നു.
SUMMARY: Nedumbassery Mini Cooper accident: Four accused, including Suhail, back in police custody
















