ബെംഗളൂരു: യെലഹങ്കയിൽ വനിതാ പേയിങ് ഗസ്റ്റ് താമസകേന്ദ്രത്തിന്റെ നാലാം നിലയിലെ ടെറസിൽനിന്ന് വീണ് വിദ്യാർഥിനിക്ക് ഗുരുതരമായി പരുക്കേറ്റു. ഫാഷൻ ഡിസൈൻ വിദ്യാർഥിനിയായ മോണിഷ ജെ.എസ്. (19) ആണ് അപകടത്തിൽപ്പെട്ടത്. ബാഗലൂർ മെയിൻ റോഡിന് സമീപമുള്ള പി.ജി. കെട്ടിടത്തിലാണ് സംഭവം നടന്നത്. വിദ്യാർഥിനി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്
ടെറസിൽനിന്ന് താഴേക്ക് വീണ വിദ്യാർഥിനിക്ക് ഇരുവശത്തെയും വാരിയെല്ലുകൾക്കും നട്ടെല്ലിനും തുടയെല്ലുകൾക്കും പരുക്കേറ്റതായി റിപ്പോർട്ടുകൾ പറയുന്നു.
കെട്ടിടത്തിന്റെ ടെറസിൽ ആവശ്യമായ സുരക്ഷാ വേലികളോ സംരക്ഷണ സംവിധാനങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് വിദ്യാർഥിനിയുടെ പിതാവ് ആരോപിച്ചു സംഭവവുമായി ബന്ധപ്പെട്ട് യെലഹങ്ക പോലീസ് പി.ജി. ഉടമയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജീവനും വ്യക്തിസുരക്ഷയ്ക്കും അപകടമുണ്ടാക്കുന്ന പ്രവൃത്തിയുമായി ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരമാണ് നടപടിയെന്നാണ് റിപ്പോർട്ട്. കെട്ടിടത്തിലെ സുരക്ഷാ സംവിധാനങ്ങൾ, അപകടത്തിലേക്ക് നയിച്ച സാഹചര്യം, ഉടമയുടെ ഉത്തരവാദിത്തം എന്നിവ പോലീസ് പരിശോധിച്ചുവരികയാണ്.
ബെംഗളൂരുവിൽ പഠനത്തിനും ജോലിക്കുമായി എത്തുന്ന നിരവധി യുവതീയുവാക്കൾ പി.ജി. താമസകേന്ദ്രങ്ങളെ ആശ്രയിക്കുന്നുണ്ട്. ഇത്തരം കെട്ടിടങ്ങളിൽ ടെറസ്, പടിക്കെട്ടുകൾ, ബാൽക്കണി, അഗ്നിസുരക്ഷാ സംവിധാനങ്ങൾ എന്നിവ സുരക്ഷിതമാണെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്.യെലഹങ്കയിലെ സംഭവം പി.ജി. താമസകേന്ദ്രങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച ആശങ്കകൾ വീണ്ടും ഉയർത്തിയിരിക്കുകയാണ്.
SUMMARY: Student sustains serious injuries after falling from the terrace of a PG building in Yelahanka.
















