ബെംഗളൂരു: ബെംഗളൂരുവില്‍ യുവതിയുടെ കൊലപാതകത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. യുവതിയെ ലോഡ്ജിന് മുകളില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. ആത്മഹത്യയെന്ന് കരുതിയിരുന്ന സംഭവമാണ് കൊലപാതകമെന്ന് തെളിഞ്ഞിരിക്കുന്നത്. നവംബർ 19നാണ് അബ്ബിഗരെയിലെ വൈമാക്സ് സർക്കിളിലെ ലോഡ്ജിന്റെ മുകളില്‍ നിന്ന് യുവതി താഴേയ്ക്ക് വീഴുന്നത്.
ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞിരിക്കുന്നത്. ഹാസൻ സ്വദേശിനിയായ ഐശ്വര്യ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഇരുവരും പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നതായും പോലീസ് പറയുന്നു. എന്നാല്‍ സന്തോഷ് വിവാഹം പലതവണ നീട്ടിവെക്കുകയായിരുന്നുവെന്നാണ് ആരോപണം.
ഐശ്വര്യയെ സന്തോഷ് ഭീഷണിപ്പെടുത്തിയിരുന്നതായും കൂടിക്കാഴ്ചയ്ക്കായി നിർബന്ധിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. നവംബർ 19-ന് ജോബ് ഇന്റർവ്യൂവിന് പോകുന്നുവെന്ന് വീട്ടുകാരോട് പറഞ്ഞ ശേഷമാണ് ഐശ്വര്യ സന്തോഷിനെ കാണാനായി ഹോട്ടലിലെത്തിയത്. അന്ന് വൈകുന്നേരം ഇരുവർക്കുമിടയില്‍ തർക്കമുണ്ടായി. “നിനക്ക് ഇഷ്ടമുള്ളത് ചെയ്തോളൂ” എന്ന് പറഞ്ഞ ശേഷം സന്തോഷ് ഐശ്വര്യയെ കൈകൊണ്ട് തള്ളിയിടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
ഇതോടെ ഐശ്വര്യ ഹോട്ടലിന്റെ ജനലിലൂടെ താഴേക്ക് വീഴുകയായിരുന്നു. താഴെ വീഴുന്നതിനിടെ ഇലക്‌ട്രിക് പോസ്റ്റില്‍ തട്ടി ഗുരുതരമായി പരുക്കേറ്റ ഐശ്വര്യയെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നവംബർ 19-ന് രാത്രി 7:53-ഓടെ യുവതി താഴേക്ക് വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.
ആദ്യം അസ്വാഭാവിക മരണത്തിനും ആത്മഹത്യയ്ക്കുമാണ് പോലീസ് കേസെടുത്തിരുന്നത്. എന്നാല്‍ അന്വേഷണത്തിനിടെ മൂന്നാം നിലയിലെ ജനലിലൂടെ തള്ളിയിട്ടതാണെന്ന തെളിവുകള്‍ ലഭിക്കുകയായിരുന്നു. ഐശ്വര്യയുടെ അച്ഛൻ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സന്തോഷിനെ അറസ്റ്റ് ചെയ്തത്. പ്രതി നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്, തുടരന്വേഷണം പുരോഗമിക്കുകയാണ്.
SUMMARY: Man arrested in Bengaluru for pushing girlfriend out of a window to her death















