ബെംഗളൂരു: ബെംഗളൂരുവിൽ ലോഡ്ജില്‍ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട അടൂര്‍ സ്വദേശിനി ഗംഗ (22) ആണ് മരിച്ചത്. സംഭവത്തില്‍ കൊല്ലം സ്വദേശിയായ യുവാവ് ഗോകുല്‍ കൃഷ്ണയെ (23) പോലീസ് കസ്റ്റഡിയിലെടുത്തു. യുവതിയുടെ ആണ്‍സുഹൃത്തായ ഇയാള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക സംശയം.
ബെംഗളൂരുവിലെ കോട്ടണ്‍പേട്ടിലുള്ള ഒടിസി റോഡിലെ റീജന്‍സി ലോഡ്ജിലാണ് സംഭവം. തവക്കല്‍ മസ്താന്‍ ദര്‍ഗയ്‌ക്ക് സമീപമുള്ള ലോഡ്ജില്‍ നിന്നാണ് ഗംഗയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാലുവര്‍ഷമായി ഗംഗയും ഗോകുല്‍ കൃഷ്ണയും അടുപ്പത്തിലായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ലഭിക്കുന്ന വിവരം. ബെംഗളൂരുവില്‍ നഴ്‌സിംഗ് പഠിക്കുന്നതിനിടെയാണ് ഇരുവരും പരിചയപ്പെട്ടത്.
പഠനം പൂര്‍ത്തിയാക്കിയ ഗംഗ ജോലി അന്വേഷിച്ചുവരികയായിരുന്നു. നഴ്‌സിംഗ് കോളേജുകളില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നേടാന്‍ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളുമായി ഗോകുല്‍ കൃഷ്ണ ബന്ധപ്പെട്ടിരുന്നുവെന്നും വിവരമുണ്ട്. യുവതിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യമോ കൊലപാതകത്തിന് പിന്നിലെ കാരണമോ ഇതുവരെ വ്യക്തമായിട്ടില്ല. കസ്റ്റഡിയിലുള്ള ഗോകുല്‍ കൃഷ്ണയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
SUMMARY: Malayali nurse found dead in a Bengaluru lodge; male friend taken into custody
















