ന്യൂഡല്‍ഹി: മണ്ഡല പുനർനിർണ്ണയ ബില്ലിലൂടെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്താനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം, വിവിധ വിവാദങ്ങളിൽ നിന്ന് രക്ഷപ്പെടാനും തിരഞ്ഞെടുപ്പ് ഭൂപടം തങ്ങൾക്ക് അനുകൂലമായി മാറ്റാനുമുള്ള ബിജെപിയുടെ തന്ത്രമാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ന്യൂഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം കേന്ദ്ര സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.
നരേന്ദ്ര മോദി സർക്കാരിന്റെ മണ്ഡല പുനർനിർണ്ണയ പദ്ധതിയെ ബിജെപിയുടെ “അവസാന ആയുധം” എന്ന് വിശേഷിപ്പിച്ച രാഹുല്‍ 33 ശതമാനം സ്ത്രീ സംവരണം എന്നത് മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധിപ്പിക്കാതെ തന്നെ സര്‍ക്കാരിന് നടപ്പിലാക്കാന്‍ സാധിക്കുന്നതാണെന്നും പറഞ്ഞു. നിരവധി വിഷയങ്ങള്‍ ഉയര്‍ത്തി അവരെ നമ്മള്‍ ചോദ്യമുനയില്‍ നിര്‍ത്തിയിരിക്കുന്നത് കൊണ്ട് ഉണ്ടാക്കിയിട്ടുളള ഒരു രക്ഷപ്പെടല്‍ പദ്ധതിയാണ് മണ്ഡല പുനര്‍നിര്‍ണയം. അവരുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചായിരിക്കും 850 സീറ്റുകള്‍ തീരുമാനിക്കപ്പെടുന്നത്. ഇത് ബിജെപിക്ക് വലിയ ഗുണമുണ്ടാക്കുന്ന തരത്തിലായിരിക്കും”, രാഹുല്‍ ഗാന്ധി പറഞ്ഞു.
850 സീറ്റ് എന്ന സംഖ്യ ഇന്ത്യയിലെ ജനാധിപത്യത്തെ ഇല്ലാതെയാക്കുമെന്നും യുവാക്കള്‍ ഈ സംഖ്യ ഓര്‍ത്തിരിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തങ്ങള്‍ക്ക് വേണ്ട രീതിയിലാണ് ബി ജെ പി മണ്ഡലം മാറ്റുക. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ എന്നിവർ ചേർന്ന് തിരഞ്ഞെടുപ്പ് സംവിധാനത്തെ നിയന്ത്രിക്കുകയാണ്. നിർദ്ദിഷ്ട മണ്ഡല പുനർനിർണ്ണയ കമ്മീഷന്റെ ഘടനയിലും കേന്ദ്ര സർക്കാരിന് പൂർണ്ണ നിയന്ത്രണം ലഭിക്കുന്ന രീതിയിലാണ് വ്യവസ്ഥകളുള്ളതെന്നും രാഹുല്‍ ആരോപിച്ചു. തങ്ങളുടെ സര്‍വേ പ്രകാരം രാജ്യത്തെ 80 ശതമാനം ജനങ്ങളും 18-നും 29-നും ഇടയില്‍ പ്രായമുള്ള ജെന്‍-സീ വിഭാഗമാണെന്നും ഇവരെല്ലാവരും മോദിയും അമിത് ഷായും ഗ്യാനേഷ് കുമാറും തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടത്തുന്നുവെന്ന് വിശ്വസിക്കുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞു.
SUMMARY: Rahul Gandhi calls constituency delimitation the BJP’s “last weapon” to escape other controversies.















