കോഴിക്കോട്: പന്തീരാങ്കാവില്‍ ചാക്ക് നിറയെ വോട്ടര്‍ ഐഡി കാര്‍ഡുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പന്തീരാങ്കാവ് ശ്രീകൃഷ്ണ മന്ദിരത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ചാക്കില്‍ കെട്ടി കുഴിച്ചിട്ട നിലയില്‍ കാര്‍ഡുകള്‍ കണ്ടെത്തിയത്. പറമ്പിന്റെ ചുറ്റുമതില്‍ ഇടിഞ്ഞുവീണതോടെയാണ് ചാക്കിനുള്ളില്‍ സൂക്ഷിച്ചിരുന്ന വോട്ടര്‍ ഐഡി കാര്‍ഡുകള്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പന്തീരാങ്കാവ് പോലീസിലും വില്ലേജ് ഓഫീസിലും വിവരമറിയിച്ചു.
പോലീസും വില്ലേജ് ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ 926 വോട്ടര്‍ ഐഡി കാര്‍ഡുകളാണ് കണ്ടെത്തിയത്. 2015 വരെ ഉപയോഗത്തില്‍ ഉണ്ടായിരുന്ന ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ വോട്ടര്‍മാരുടെ പേരിലുള്ള ഐഡി കാര്‍ഡുകളാണിതെന്ന് സ്ഥിരീകരിച്ചു. പുതിയ വോട്ടര്‍ ഐഡി കാര്‍ഡുകള്‍ വിതരണം ചെയ്തപ്പോള്‍ തിരിച്ചെടുത്തവയാണ് ഇവയെന്നാണ് പ്രാഥമിക നിഗമനം.
ഒളവണ്ണയില്‍ മുന്‍പ് ബി എല്‍ ഒമാരായി പ്രവര്ത്തിച്ചവരാരെങ്കിലും ഇവ ഉപേക്ഷിച്ചതാകാമെന്നും സംശയിക്കുന്നുണ്ട്. കാര്‍ഡുകള്‍ ശാസ്ത്രീയമായി നശിപ്പിക്കാതെ ചാക്കില്‍ കെട്ടി ഉപേക്ഷിക്കുകയായിരുന്നു. ഇവ പൂര്‍ണ്ണമായി എണ്ണിത്തിട്ടപ്പെടുത്തിയ ശേഷം ജില്ലാ ഭരണകൂടത്തിന് കൈമാറുമെന്ന് പന്തീരാങ്കാവ് വില്ലേജ് ഓഫീസര്‍ കെഎസ്. അനിത്ത് അറിയിച്ചു.
SUMMARY: Sack full of voter ID cards found abandoned in Pantheerankavu















