ബെംഗളൂരു: ബെംഗളൂരുവിന് സമീപം ഹൊസ്കോട്ടെയിൽ ഭൂമി തർക്കത്തെത്തുടർന്നുണ്ടായ വെടിവെപ്പിൽ യുവാവ് കൊല്ലപ്പെട്ടു. സോളൂർ നിവാസിയും കർഷകനുമായ എൻ. ലിഖിത് ഗൗഡ (25) ആണ് മരിച്ചത്. സംഭവത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.
സർക്കാർ ഭവനപദ്ധതിക്കായി നീക്കിവെച്ച ഭൂമിയിലേക്കുള്ള വഴിയെച്ചൊല്ലി ഭൂവുടമയും പ്രദേശവാസികളും തമ്മിൽ തർക്കമുണ്ടായിരുന്നതായി പോലീസ് പറയുന്നു. തർക്കം രൂക്ഷമായതോടെ ലൈസൻസുള്ള തോക്കുപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ ലിഖിത് ഗൗഡ സംഭവസ്ഥലത്തുതന്നെ മരിച്ചു. പരുക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ വെടിയുതിർത്തതായി ആരോപിക്കപ്പെടുന്ന രമേഷ് മുനിയപ്പയെ പോലീസ് അറസ്റ്റ് ചെയ്തു. ഭൂമിയിലേക്കുള്ള പ്രവേശനവഴി സംബന്ധിച്ച തർക്കമാണ് വെടിവെപ്പിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച വിവരം. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും തർക്കത്തിന്റെ മറ്റു കാരണങ്ങളുണ്ടോയെന്നും പോലീസ് അന്വേഷിച്ചുവരികയാണ്.
പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടാകാതിരിക്കാൻ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വെടിവെപ്പിന് ഉപയോഗിച്ച തോക്കും സംഭവവുമായി ബന്ധപ്പെട്ട മറ്റ് തെളിവുകളും പരിശോധിച്ചുവരികയാണ്.
SUMMARY: Shooting during a land dispute in Hoskote; one man killed, two injured.















