Monday, November 17, 2025
19.3 C
Bengaluru

മുഖാരിരാഗത്തിന്റെ വ്യഥിതലയനം…

സാമൂഹികപരിവർത്തനത്തിനുള്ള പടവാളായിരുന്നു വയലാർ രാമവർമ്മ എന്ന കവിക്ക് തന്റെ എഴുത്തുകൾ. ഒപ്പം വൈകാരികഭാവം തീർക്കുന്ന വീണയുമായിരുന്നു. സംസ്കൃതഭാഷയുടെ കാവ്യമണ്ണിലാണ്‌ പിറന്നുവീണതെങ്കിലും മണ്ണിന്റെ മക്കളുടെ ജീവിതമായിരുന്നു അദ്ദേഹത്തെ സ്വാധീനിച്ചത്‌. മാനവികതക്ക് വേണ്ടിയാണ്‌ തൂലിക ചലിപ്പിച്ചതും. മിന്നൽക്കൊടി ഇറങ്ങി വരുന്നത് പോലെയുള്ള ആശയങ്ങൾ ആ കാവ്യഭൂവിൽ കതിരായി വിളഞ്ഞു. ശുഭാപ്തിവിശ്വാസമായിരുന്നു കവിതകളുടെ ജീവൻ. ഒപ്പം വിപ്ളവത്തിന്റെ ജ്വാലകളും.പ്രാർത്ഥനയെന്നത് ശരിയായ പ്രവർത്തനവും, മനുഷ്യസ്നേഹവുമാണെന്നദ്ദേഹം വിശ്വസിച്ചു. ആധുനികശാസ്ത്രത്തിന്റെ വിപുലമായ സാധ്യതകളെ സർവ്വാത്മനാ സ്വാഗതം ചെയ്തു. പുരോഗമനപരമായ കാഴ്ച്ചപ്പാട് അതിന്‌ വളമേകി. ശാസ്ത്രീയതയുടെ വെട്ടിത്തിളക്കം പലകവിതകളിലും കാണാം. ഭാരതീയ സംസ്ക്കാരത്തെ ആധുനികസമൂഹവുമായി വിളക്കിച്ചേർത്ത് പുതിയ അർഥതലങ്ങൾ കണ്ടെത്താൻ സഞ്ചരിച്ചു. “സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ/ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തേയും എന്ന വരികൾ സാധാരണക്കാരുടെ നാവിൽ പോലും തത്തിക്കളിയ്ക്കും. പ്രത്യയശാസ്ത്രങ്ങൾ മാത്രമല്ല ജീവിതം. ജീവിതവും അനുഭവങ്ങളുമാണ്‌ പ്രത്യയശാസ്ത്രം എന്നദ്ദേഹം കവിതകളിലൂടെ ഉദ്ഘോഷിച്ചു.

വയലാര്‍ | ചിത്രം: പുനലൂര്‍ രാജന്‍

രാമായണത്തിലെ രാക്ഷസകുലപതിയായ രാവണന്റെ പിതൃസ്നേഹത്തിന്റെ വാങ്മയചിത്രമാണ്‌ ”രാവണപുത്രി“ എന്ന കവിത. 1961ലെഴുതിയ സർഗ്ഗസംഗീതം എന്ന സമാഹാരത്തിലാണ്‌ ഈ കവിതയുള്ളത്‌.കർമ്മമൊടുങ്ങി രാമസായകമേറ്റ് കിടക്കുന്ന ജീവിതാന്ത്യത്തിൽ , മദാലസയൌവ്വനത്തിൽ താൻ പിടിച്ചുകശക്കിയ മന്ദാരപുഷ്പം പോലെ വെണ്മയാർന്ന വേദവതിയെക്കുറിച്ചും അതിലുണ്ടായ മകളെക്കുറിച്ചും ഓർത്ത് പശ്ചാത്താപവിവശനായി ഓർമ്മകളെ അയവിറക്കി ദുഃഖിക്കുന്ന രാവണന്റെ ചിന്തകളാണ്‌ ഈ കവിതയിലെ പ്രമേയം. നമുക്ക് പരിചിതമായ പത്തു തലയുടെ ബുദ്ധിയും ,ഇരുപത് കൈകളുടെ ശക്തിയും ലങ്കാധിപനുമായിരുന്ന രാവണന്റെ നേർവിപരീതചിത്രം. നല്ല കാലത്ത് അഹങ്കാരത്താൽ കൊടിയ ക്രൂരതകളും കൊന്നും വെന്നും നേടിയ ജീവിതത്തെക്കുറിച്ചും അന്ത്യയാമത്തിൽ ഓർക്കുമ്പോഴായിരിക്കും പലർക്കും തിരിച്ചറിവുണ്ടാവുന്നത്.ആ ഒരു തിരിച്ചറിവിന്റെ ആഴമേറിയ നോവിലൂടെ രാവണൻ കടന്നുപോകുന്ന നിമിഷങ്ങളെ കവി വികാരസാന്ദ്രമായി വരച്ചിടുന്നു. നിലവിൽ വായിച്ചതിൽ നിന്നും മാറി കാവ്യഭാവനയിൽ ഒരു കവിതയിൽ നിന്നും മറ്റൊരു കവിത വിരിയുന്നു. അതാണ്‌ സർഗ്ഗാത്മകത.

ഹിമവത്ഗിരിയുടെ താഴ് വരയിൽ വെച്ചാണ്‌ രാവണൻ വേദവതിയെ ആദ്യം കാണുന്നത്. അവളുടെ സൌന്ദര്യത്തിൽ ഭ്രമിച്ച് അവളെക്കുറിച്ച് കൂടുതൽ ആരായുന്നു. ബൃഹസ്പതിയുടെ പുത്രനും വേദപണ്ഡിതനുമായ കുശദ്ധ്വജ മഹർഷിയുടെ മകളാണ്‌ താനെന്നും,സാക്ഷാൽ ശ്രീനാരായണനെ ഭർത്താവായി ലഭിക്കാൻ ഇവിടെ തപസ്സിനു വന്നതാണെന്നും വേദവതി അറിയിക്കുന്നു. എന്നാൽ പ്രലോഭനത്തിൻ്റെ വനനാഗങ്ങൾ രാവണൻ്റെ മനസ്സിൽ ഫണം വിടർത്തുന്നു. തന്റെ അഭിലാഷം രാവണൻ വേദവതിയോട് പറയുന്നു. ദൃഢനിശ്ചയത്തോടെ അതിന്‌ താനൊരുക്കമല്ലെന്നറിയിച്ച വേദവതിയെ രാവണൻ ബലാൽക്കാരമായി കീഴ്പ്പെടുത്തുന്നു. അതിലുണ്ടായ മകളാണ്‌ സീതയെന്ന വ്യാഖ്യാനത്തിലാണ്‌ ”രാവണപുത്രി“ എന്ന കവിത വിരചിതമായിരിക്കുന്നത്, തന്നെ നശിപ്പിച്ച രാവണനെ വേദവതി ശപിക്കുന്നു,”നിന്നിൽ എനിക്കുണ്ടായ ഈ മകൾ നിന്റെ മഹാവിപത്തിന്‌ കാരണമായി നിന്റെ കുലം മുടിക്കുമെന്ന്. കമ്പരാമായണവും തമിഴ് നാടോടിപ്പാട്ടുമാണ്‌ ഈ കവിതയ്ക്ക് ആധാരമെന്ന് കവി തന്നെ കുറിച്ചിട്ടുണ്ട്. എന്നാൽ മറ്റൊരു രീതിയിലും ഈ കഥ വരുന്നുണ്ട്‌ .അപമാനഭാരത്താൽ വേദവതി പ്രതികാര ദുർഗ്ഗയായി അപ്പോൾ തന്നെ ആത്മാഹുതി ചെയ്യുകയും സീതയായി പുനർജ്ജനിച്ച് പ്രതികാരം വീട്ടുകയും ചെയ്യുന്നുവെന്ന്. കഥ ഏതായാലും രാവണനിഗ്രഹത്തിനും കൂടിയാണ്‌ സീതയുടെ ജനനം എന്ന് വ്യക്തമാകുന്നു.. ഈ കഥയെ മിത്തായും സങ്കൽപ്പിയ്ക്കുന്നുണ്ട്.

ഇവിടെ കവിതയുടെ ഭാവം വൈകാരികമാണ്‌. വീണയുടെ അലയടിയ്ക്കുന്ന വിഷാദസ്വരം പോലെ രാവണപുത്രി നമ്മെ പിന്തുടരുന്നു. രാമരാവണയുദ്ധം കഴിഞ്ഞ് കബന്ധങ്ങൾ ചിതറിക്കിടക്കുന്ന രണാങ്കണത്തിൽ രാമബാണമേറ്റ് തളർന്ന് കിടക്കുന്ന ലങ്കേശ്വരൻ.അന്ത്യനിമിഷത്തിൽ രക്തമൊഴുകി തളംകെട്ടിനിന്ന മരണമെത്തയിൽ ഭൂതകാലചെയ്തികൾ കരിന്തേളുകളെപ്പോലെ പിന്തുടരുന്നു. വിഷധൂളികൾ വീശുന്ന ശരസഞ്ചയങ്ങളിൽ മരണം മണം പിടിക്കുന്ന പോലെ കാറ്റ് പടകുടീരങ്ങളിലൂടെ തെന്നിനടക്കുന്നു. ആ രണഭൂവിന്റെ ബീഭൽസത ഏറ്റവും ഭയാനകമായി ചിത്രീകരിച്ചിരിയ്ക്കുന്നു. ഊർജ്ജ്വസ്വലമായിരുന്ന ആ കണ്ണിലെ കൃഷ്ണമണികൾ ഇപ്പോൾ മറിഞ്ഞ് മറിഞ്ഞ് പോകുന്നു. പോയകാല ക്രൂരതകളുടെ ഉഷ്ണം പുകയുന്ന മനസ്സുമായി നിലയില്ലാക്കയത്തിൽ മുങ്ങിത്താഴുകയാണ്‌ രാവണൻ. മൃത്യു പതുക്കെ ,പതുക്കെ ജീവാണുക്കൾ കൊത്തിവിഴുങ്ങുമ്പോഴും ആ മനസ്സിൽ അന്തിമസ്വപ്നമായി നിറയുന്നത് മൈഥിലിയെന്ന തന്റെ അരുമമകളെക്കുറിച്ചാണ്‌.

എതിരിട്ടാൽ ഒരു കാറ്റിനെപ്പോലും വകവെക്കാത്ത യൗവ്വനത്തിളപ്പിൽ മദഗജം പോലെ തളച്ചിടാനാവാത്ത ആഗ്രഹത്താൽ വേദവതിയെ പ്രാപിച്ചത്‌ ഒരു തീക്കൊള്ളിപോലെ ഈ മരണനേരത്തും രാവണനെ ചുട്ടുപൊള്ളിയ്ക്കുന്നു. ജീവന്റെ അവസാനച്ചിറകടിയിലും ആ സമയത്തെ പ്രകൃതിയുടെ വശ്യമോഹനഭാവം ഇന്നലത്തെപ്പോലെ രാവണന്റെ മനസ്സിൽ തിര നീക്കിയെത്തുന്നതിനെ ഗാനരചയിതാവുകൂടിയായ കവി കാൽ പ്പനികമായി വരച്ചിടുന്നു. “സന്ധ്യയ്ക്ക് പുഷ്പ്പകിരീടവുമായി നിന്ന /വിന്ധ്യശൃംഗത്തിൻ മുഖം അരുണാഭമായി/താമരവള്ളി കടിഞ്ഞൂലു പെറ്റൊരാ/ശ്യാമവനോദരനീർത്തടാകങ്ങളിൽ/തങ്കക്കസവുടയാടയുമായ്ച്ചെന്നു/മുങ്ങിക്കുളിച്ചു അരുണാർക്ക രശ്മികൾ” ഇന്നലത്തെപ്പോലെയോർമ്മിച്ചു രാവണ-/നന്നു നടന്ന മദോന്മാദകേളികൾ……..!

അപമാനിതയായ വേദവതിയുടെ പ്രതികാരാഗ്നി കത്തിജ്ജ്വലിക്കുകയാണിപ്പോഴും. അഗ്നിയെ സാക്ഷി നിർത്തി വേദവതിയെറിഞ്ഞ ശാപവിത്തുകൾ തന്റെ മാറിൽ പതിഞ്ഞ രാമ ശരത്തേക്കാൾ വേദനിപ്പിക്കുന്നതായി ദശകണ്ഠന് അനുഭവപ്പെട്ടു.“എന്നിലെ കന്യകാത്വത്തെ നശിപ്പിച്ച നരാധമ/നീ മരിക്കും, നിനക്കെന്നിൽ ജനിക്കും പെൺകിടാവിനാൽ എന്ന വാക്കുകൾ ഇപ്പോഴും വായുവിൽ പ്രകമ്പനം തീർക്കുന്നു. പെറ്റുവീണപ്പോഴെ ആ കുഞ്ഞിനെ സമുദ്രത്തിലൊഴുക്കിക്കളഞ്ഞു. തന്റെ മനസ്സിന്റെ തിരകളിൽ പൊങ്ങിയും തങ്ങിയും ആ കുഞ്ഞ് അന്ന് മറഞ്ഞുപോയി. പ്രാണഭയവും പിതൃത്വവും വേട്ടയാടിയ നാളുകൾ. വർത്തമാനക്കാലത്തും കുഞ്ഞുങ്ങൾ അനാഥരായി തെരുവുകളിലേയ്ക്കും, പുഴയിലേയ്ക്കും വലിച്ചെറിയപ്പെടുന്നുണ്ടെന്ന സത്യം മറയ്ക്കാവതല്ല. ഈ കാലത്തും വേദവതിമാരും, സീതമാരും പുനർജ്ജനിച്ചുക്കൊണ്ടിരിയ്ക്കുന്നു.അധികാരവും, പണവും, അഹങ്കാരവും ഇവിടെ അനാഥജന്മങ്ങളെ സൃഷ്ടിച്ചുക്കൊണ്ടിരിയ്ക്കുന്നു.നൈതികത കിട്ടാതെ,ചോദ്യം ചെയ്യാനാവാതെ, ഉത്തരമില്ലാതെ നിഷ്ക്കളങ്കത അലഞ്ഞുകൊണ്ടിരിയ്ക്കുന്നു.പിന്നീട് പലപ്പോഴും രാവണനാഗ്രഹിച്ചു, മാപ്പു പറഞ്ഞ് ആ മണിച്ചുണ്ടിലൊരു ഉമ്മ നല്കുവാൻ. നിലാവുള്ള രാത്രികൾ കുളിരു പകർന്നെങ്കിലും, പൊന്നശോകങ്ങൾ വീണ്ടും പൂത്തുവെങ്കിലും,ഇങ്കു ചോദിച്ച് മകനായ ഇന്ദ്രജിത്ത് മണിത്തൊട്ടിലിൽ കിടന്ന് ചിരിച്ചെങ്കിലും, മണിഹർമ്യത്തിൽ ഹംസതൂലികാശയ്യയിൽ പ്രാണപ്രിയ മല്ലീശന്റെ പൂവമ്പുമായ് വന്നിട്ടും, കണ്ണടച്ചാൽ രാവണൻ്റെ മനസ്സിൽ നിറഞ്ഞിരുന്നത് പൊന്നിൻ പാദസരവുമിട്ട് പിച്ചവെച്ചെത്തുന്ന ബാലികയെയാണ്. (അന്നൊഴുക്കി കളഞ്ഞ കുഞ്ഞിനെയാണ് )ഒരച്ഛൻ്റെ പുത്രിയോടുള്ള സ്നേഹത്തിൻ്റെ ഉദാത്തഭാവം.കുറ്റബോധത്താൽ മനസ്സെപ്പോഴും ആ കുഞ്ഞിനോട് മാപ്പു പറഞ്ഞുകൊണ്ടിരുന്നു.”ഓമനെ ഭീരുവാണച്ഛന…….ല്ലെങ്കിൽ നിൻ/പൂമെയ് സമുദ്രത്തിലിട്ടേച്ചുപോരുമോ/ നീ മരിച്ചില്ല, ജനകന്റെ പുത്രിയായ് രാമന്റെ മാനസസ്വപ്നമായ് വന്നു നീ എന്ന വരികളിൽ ഊറിക്കൂടുന്നതും ഒരച്ഛന്റെ നിസ്സഹായതയും ,നൽകാൻ കഴിയാതെ പോയ പുത്രീവാൽസല്യവുമാണ്. ഉപേക്ഷിക്കപ്പെടലിൻ്റെ വ്യഥിതമായ സമാനാനുഭവം തന്നെയാണ്‌ മഹാഭാരതത്തിലെ കർണ്ണനും കന്യകയായിരിയ്ക്കെ അമ്മയായ കുന്തിയ്ക്കും എന്നുകൂടി ഇത്തരുണത്തിലോർക്കാം.

മകളെ കാണാനുള്ള അദമ്യമോഹത്താലാണ്‌ പുഷ്പകവിമാനത്തിൽ വിപിനത്തിൽ നിന്നും സീതയെ കട്ടുകൊണ്ടുപോന്നത്. .ലങ്കയിലെ അശോകമരത്തണലിൽ കൊണ്ടുവന്ന നിമിഷം മുതൽ എത്രയെത്ര അപവാദശരങ്ങളാണ്‌ ഏറ്റതെന്നും പറഞ്ഞ് ആ പിതാവു് വിലപിക്കുന്നതിലൂടെ അവശേഷിച്ച ജീവനിൽ മൃത്യുവിന്റെ വാൾ പതിയുന്നു. ജീവിതമഹാനടനവേദിയിൽ നെഞ്ചിൽ ഒരാഗ്നേയ ശിലയുടെ ഭാരവുമായാണ് ആ മിഴികൾ എന്നേയ്ക്കുമായി അടയുന്നത്. ഒപ്പം ദാശരഥിയുടെ പടപ്പാളയങ്ങളിൽ രാമവിജയത്തിന്റെ ഉന്മാദശംഖൊലികളും മുഴങ്ങുന്നു. ഈ മുഴക്കത്തിന്നപ്പുറം ഈ കവിത ഉണർത്തുന്നത് ശക്തി ചോർന്ന നിസ്സഹായനായ ഒരച്ഛന്റെ മകളോടുള്ള ഹൃദയവാൽസല്യവും വേദനയുമാണ്‌. അതാണ്‌ കവി പറയുന്നത് കവിതക്ക് പടവാളാകാനും,വീണയാകാനും കഴിയുമെന്ന്‌. വീണയിലുയർന്ന മുഖാരി രാഗത്തിന്റെ തരംഗങ്ങൾ വായനക്കാരുടെ മനസ്സിൽ വ്യഥിതശ്രുതിയുതിർത്ത് രാവണനെന്ന പിതാവ് (കഥാനായകൻ) പ്രപഞ്ചത്തിൽ വിലയം പ്രാപിയ്ക്കുന്നു. ….. വായനാന്ത്യം മനസ്സ് ആ നിശ്ശബ്ദതയിലൽപ്പനേരം തങ്ങി നിന്നു. സർവ്വാധിപനായിരുന്ന ഒരു വ്യക്തിയുടെ ദാരുണമായ വിട വാങ്ങൽ . ഈ കവിതയിൽ പ്രധാനമായും മൂന്ന് കാര്യങ്ങൾ അന്ത:ർധാരയായി വർത്തിയ്ക്കുന്നുണ്ട്. എത്ര പ്രതാപത്തോടെ ജീവിച്ചാലും മനുഷ്യ ജീവിതം നിസ്സാരവും, നശ്വരവുമാണെന്ന സത്യം, പിതൃപുത്രീ സ്നേഹത്തിൻ്റെ അഗാധതലങ്ങൾ, മൂന്നാമതായി അഹങ്കാരധാടികളിൽ മദിച്ചു ജീവിക്കുന്ന മനുഷ്യൻ അവസാനത്തെ പടിയിറങ്ങുമ്പോൾ കൃത്യമായ മറുപടി മന:സാക്ഷിക്ക് നൽകേണ്ടി വരും. അതിനാൽ ഒന്ന് ശ്രദ്ധിച്ച് ജീവിയ്ക്കണം എന്ന കരുതൽ കൂടി ഊറിത്തെളിയുന്നു!.◾
<BR>
TAGS : INDIRA BALAN | LITERATURE | VARIKAL IZHACHERKKUMBOL

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ അപകടം; വീട്ടമ്മ മരിച്ചു

കോട്ടയം: തലയോലപ്പറമ്പില്‍ ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ കണ്ടെയ്‌നര്‍ ലോറി കയറി മരിച്ചു....

തൃശൂർ കോർപറേഷൻ മുൻ ഡെപ്യൂട്ടി മേയർ ബീനാ മുരളിയെ സിപിഐയിൽ നിന്ന് പുറത്താക്കി

തൃശൂർ: സിപിഐയിൽ നിന്ന് രാജിവെച്ച തൃശൂർ കോർപറേഷൻ മുൻ ഡെപ്യൂട്ടി മേയർ...

വോട്ടർപട്ടികയിൽ പേരില്ല, സംവിധായകൻ വി.എം. വിനുവിനും മത്സരിക്കാനാകില്ല; ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ്

കോഴിക്കോട്: വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ സംവിധായകൻ വി.എം. വിനുവിന് തദ്ദേശ ഭരണ...

ഡൽഹി സ്ഫോടനം; ഗൂഢാലോചനയിൽ ഭാഗമായ പ്രതി കശ്മീരിൽ പിടിയിൽ

ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. യാസിർ ബിലാൽ വാനി...

പവർ സ്റ്റേഷനിൽ അറ്റകുറ്റപ്പണി; ബെംഗളൂരുവിലെ ഈ സ്ഥലങ്ങളില്‍ ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും

ബെംഗളൂരു: നഗരത്തിൽ വിവിധ വാണിജ്യ, താമസ മേഖലകളിൽ  നാളെ വൈദ്യുതി മുടങ്ങും....

Topics

പവർ സ്റ്റേഷനിൽ അറ്റകുറ്റപ്പണി; ബെംഗളൂരുവിലെ ഈ സ്ഥലങ്ങളില്‍ ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും

ബെംഗളൂരു: നഗരത്തിൽ വിവിധ വാണിജ്യ, താമസ മേഖലകളിൽ  നാളെ വൈദ്യുതി മുടങ്ങും....

പൊതുഇടങ്ങളിൽ മാലിന്യം കത്തിച്ചാൽ ഇനി ക്രിമിനൽ കേസ്

ബെംഗളൂരു: പൊതുഇടങ്ങളിൽ മാലിന്യം കത്തിക്കുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്ന് ബാംഗ്ലൂർ സോളിഡ് വേസ്‌റ്റ്...

നന്ദിനിയുടെ പേരില്‍ വ്യാജനെയ്യ്: നാലുപേർ അറസ്റ്റിൽ

ബെംഗളൂരു: കർണാടക മിൽക്ക് ഫെഡറേഷന്‍ (കെഎംഎഫ്) ഉത്പന്നമായ നന്ദിനി ബ്രാൻഡിൽ വ്യാജനെയ്യ്...

മണ്ഡല- മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമലനട ഇന്നുതുറക്കും; ഒരുക്കങ്ങളുമായി കര്‍ണാടകയിലെ അയ്യപ്പ ക്ഷേത്രങ്ങളും 

ബെംഗളൂരു: മണ്ഡല- മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമലനട ഇന്നുതുറക്കും. ഉച്ചയ്ക്ക് ഒന്നുമുതൽ സന്നിധാനത്തേക്ക്...

നടിയെ പീ‍ഡിപ്പിച്ചെന്ന പരാതി; പ്രമുഖ സിനിമാ നിര്‍മാതാവ് ബെംഗളൂരുവില്‍ അറസ്റ്റില്‍

ബെംഗളൂരു: പ്രമുഖ സിനിമാ നിർമാതാവും റിയല്‍ എസ്റ്റേറ്റ് വ്യവസായിയുമായ അരവിന്ദ് വെങ്കടേഷ്...

വോട്ട് ചോരി ആരോപണം; രാജ്യത്തെ ആദ്യ അറസ്റ്റ് കർണാടകയിൽ രേഖപ്പെടുത്തി

ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ട് കൊള്ള ആരോപണത്തില്‍...

പുള്ളിപ്പുലിയുടെ ആക്രമണം; ബന്നാർഘട്ട ദേശീയോദ്യാനത്തിൽ നോൺ എസി സഫാരി നിർത്തിവെച്ചു

ബെംഗളൂരു: ബന്നാർഘട്ട ദേശീയോദ്യാനത്തിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ചെന്നൈ സ്വദേശിയായ യുവതിക്ക് പരുക്കേറ്റ...

ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: പുട്ടപർത്തിയിൽ നടക്കുന്ന സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രത്തിരക്കിന്റെ പശ്ചാത്തലത്തില്‍...

Related News

Popular Categories

You cannot copy content of this page