കൊച്ചി: മതപരമായ സങ്കല്‍പ്പങ്ങളാല്‍ ബന്ധിതരല്ലാത്ത കുട്ടികളിലാണ് ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി ജി അരുണ്‍. മതത്തിന്റെ സ്വാധീനത്തിന് പുറത്ത് കുട്ടികളെ വളര്‍ത്താന്‍ തെരഞ്ഞെടുക്കുന്ന മാതാപിതാക്കളെ ജസ്റ്റിസ് അരുണ്‍ പ്രശംസിച്ചു. ഭാവിയില്‍ നിലവിലുള്ള അവസ്ഥയെ ചോദ്യം ചെയ്യുന്നവരായിരിക്കും ഇത്തരം കുട്ടികളെന്നും അദ്ദേഹം പറഞ്ഞു.
കേരള യുക്തിവാദി സംഘം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതം ചേര്‍ക്കാതെ കുട്ടികളെ സ്കൂളില്‍ ചേര്‍ക്കാനും പഠിപ്പിക്കാനും തയ്യാറായ ഓരോരുത്തരേയും അനുമോദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
‘മതവും ജാതിയും ചേര്‍ക്കാതെ ചില രക്ഷിതാക്കൾ കുട്ടികളെ സ്കൂളുകളില്‍ ചേര്‍ക്കുന്നു. ഈ കുട്ടികൾ നാളെയുടെ വാഗ്ദാനങ്ങളാണ്. മറ്റുള്ളവരെല്ലാം പകച്ചു നില്‍ക്കുമ്പോഴും ഇവരാണ് നാളെ സമൂഹത്തിന് നേരെ വിരല്‍ ചൂണ്ടി ചോദ്യം ചോദിക്കാന്‍ പോകുന്നവര്‍’ എന്നാണ് തന്‍റെ പ്രംസംഗം അവസാനിപ്പിച്ച് കൊണ്ട് ജസ്റ്റിസ് വി ജി അരുണ്‍ പറഞ്ഞത്.
2022ൽ മതം വെളിപ്പെടുത്താത്തതിന്‍റെ പേരിൽ സാമ്പത്തിക സംവരണം നിഷേധിക്കരുതെന്ന് എന്ന പ്രധാനപ്പെട്ട വിധി പുറപ്പെടുവിച്ച ജഡ്ജിയാണ് ജസ്റ്റിസ് വി ജി അരുൺ. ആരെയും ഒരു മതത്തിൽ തളച്ചിടാൻ കഴിയില്ല എന്നും ഒരു കേസിൽ ജസ്റ്റിസ് വി ജി അരുൺ കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
SUMMARY: ‘Children who grow up without religion or caste are the promise of tomorrow’ – Justice VG Arun