തിരുവനന്തപുരം: കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്ത് നാല് പേര്‍ മരണപ്പെട്ടു. ഒരാളെ കാണാതായി. രണ്ടുപേർ കണ്ണൂരിലും രണ്ടു പേര്‍ ഇടുക്കിയിലുമാണ് മരിച്ചത്. മരിച്ചവരിൽ രണ്ടുപേർ തമിഴ്നാട് സ്വദേശികളാണ്.
ഇടുക്കിയിൽ ഉടുമ്പൻചോല കല്ലുപാലത്ത് മരം വീണ് തമിഴ്നാട് തേവാരം സ്വദേശിനി ലീലാവതി (55), കൊച്ചി –ധനുഷ്‌കോടി ദേശീയപാതയിൽ മൂന്നാർ ഗവ. കോളേജിനുസമീപം ലോറിക്കുമുകളിൽ മണ്ണിടിഞ്ഞു വീണ് ഡ്രൈവർ മൂന്നാർ അന്തോണിയാർ നഗർ സ്വദേശി ഗണേഷൻ (56) എന്നിവരാണ് മരിച്ചത്.
കണ്ണൂർ കോളയാട് പെരുവയിൽ വീടിന് മുകളിൽ മരം വീണ് തെറ്റുമ്മലിലെ എനിയാടൻ ചന്ദ്രനാണ് (78) മരിച്ച മറ്റൊരാൾ. ശനിയാഴ്ച പുലർച്ച രണ്ടോടെയുണ്ടായ കനത്ത ചുഴലിക്കാറ്റിലാണ് അപകടം. ശബ്ദം കേട്ട് ഓടിയതിനാൽ ഭാര്യയും മകനും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മാതുവാണ് ഭാര്യ. മക്കൾ: നിഖിൽ, നിഖിഷ. മരുമകൻ: മണി.
പുതിയങ്ങാടി ചൂട്ടാട് അഴിമുഖത്ത് ശക്തമായ കടൽക്ഷോഭത്തിൽ ഫൈബർ വള്ളം മണൽത്തിട്ടയിൽ തട്ടി മറിഞ്ഞ് മത്സ്യത്തൊഴിലാളിയായ കന്യാകുമാരി പുത്തുംതുറ സ്വദേശി സലമോൻ ലോപ്പസ് ഏലീസ് (63) മരിച്ചു. കന്യാകുമാരി സ്വദേശികളായ സെൽവ ആന്റണി(53), എസ്ലേൻ അടിമയി(50) എന്നിവർക്ക് ഗുരുതര പരുക്കേറ്റു. രാമന്തളി പാലക്കോട് അഴിമുഖത്ത് മത്സ്യബന്ധനത്തിനു പോയ ചെറുതോണി അപകടത്തിൽപ്പെട്ട് പയ്യന്നൂർ പുഞ്ചക്കാട് താമസിക്കുന്ന എൻ.പി.അബ്രഹാമിനെ (52) കാണാതായി.
ഇടുക്കിയിൽ മരം ഒടിഞ്ഞുവീണ് തമിഴ്നാട് തേനി തേവാരം സ്വദേശി ലീലാവതി (60) മരിച്ചു. ഇന്നലെ വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ എസ്‌റ്റേറ്റിൽ നിന്നിരുന്ന ഉണക്ക മരം കടപുഴകി ഇവരുടെ മേൽ വീഴുകയായിരുന്നു. നീരൊഴുക്ക് വർദ്ധിച്ചതിനെത്തുടർന്ന് പൊൻമുടി, കല്ലാർകുട്ടി അണക്കെട്ടുകൾ തുറന്നു. ഗ്യാപ്പ്റോഡ് വഴിയുള്ള രാത്രികാലയാത്രയ്ക്ക് രണ്ടുദിവസത്തേക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ആലപ്പുഴയിൽ തീരദേശ റെയിൽപ്പാതയിലെ പാതിരപ്പള്ളി ഉദയ ഗേറ്റിന് സമീപം ട്രാക്കിലെ വൈദ്യുതി കമ്പിയിലേക്ക് തെങ്ങ് കടപുഴകി ട്രെയിൻ ഗതാഗതം നാലു മണിക്കൂറോളം തടസപ്പെട്ടു.
കനത്ത മഴയെത്തുടർന്ന് കൊച്ചിയിൽ ഇറങ്ങാൻ കഴിയാത്ത മൂന്ന് വിമാനങ്ങൾ തിരിച്ചുവിട്ടു. ഇന്നലെ രാവിലെ 11.15ന് മുംബയിൽ നിന്നെത്തിയ ആകാശ എയർ വിമാനം കോയമ്പത്തൂരിലേക്കും 11.45ന് അഗത്തിയിൽ നിന്നെത്തിയ അലയൻസ് എയർവിമാനം ബെംഗളൂരുവിലേക്കും 12.50ന് മുംബയിൽ നിന്നെത്തിയ ഇൻഡിഗോവിമാനം കോയമ്പത്തൂരിലേക്കും തിരിച്ചുവിട്ടു.
SUMMARY: Rain wreaks havoc: Three dead, one missing