ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി ദമ്പതികൾ പ്രതിയായ കോടിക്കണക്കിന് രൂപയുടെ ചിട്ടിതട്ടിപ്പ് കേസിന്റെ അന്വേഷണം പോലീസിന്റെ സിഐഡി വിഭാഗത്തിന് കൈമാറി. കോടതി നിർദേശപ്രകാരമാണ് നടപടി.പണം നഷ്ടപ്പെട്ട 410 പേർ നൽകിയ പരാതിയിൽ രാമമൂർത്തി നഗർ പോലീസ് അന്വേഷണം നടത്തി വരികയാണ്. സിഐഡി ഉദ്യോഗസ്ഥർ രാമമൂർത്തി നഗറിലെ ചിട്ടിക്കമ്പനി ഓഫീസിലെത്തി അന്വേഷണംതുടങ്ങി. ജീവനക്കാരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു.
രാമമൂർത്തിനഗറിൽ എ ആൻഡ് എ ചിറ്റ് ഫണ്ട് ആൻഡ് ഫൈനാൻസ് നടത്തിവന്ന ആലപ്പുഴ രാമങ്കരി സ്വദേശി എ.വി. ടോമി, ഭാര്യ ഷൈനി ടോമി എന്നിവർക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. ഇവർ നിക്ഷേപകരിൽനിന്ന് ശേഖരിച്ച കോടിക്കണക്കിന് രൂപയുമായി മുങ്ങിയെന്നാണ് കേസ്. ബെംഗളൂരുവിൽനിന്ന് കൊച്ചിയിലെത്തിയശേഷം മുംബൈ വഴി കെനിയയിലെ നെയ്‌റോബിയിലേക്ക് പോയതായി നേരത്തെ വിവരംലഭിച്ചിരുന്നു. 100 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായാണ് പോലീസിന്റെ നിഗമനം, ബെംഗളൂരുവിൽ 25 വർഷമായി പ്രവർത്തിച്ചുവരുന്ന ചിട്ടിക്കമ്പനിയാണ്. പണംനഷ്ടമായവരിൽ ഭൂരിഭാഗവും മലയാളികളാണ്.. ഒന്നരക്കോടി വരെ സ്ഥിരനിക്ഷേപം ചെയ്തവരും പെൻഷൻ തുക ലഭിച്ച 60 ലക്ഷം രൂപ നിക്ഷേപിച്ചവരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഇതിനിടെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദമ്പതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസില്‍ ജാമ്യംതേടി ദമ്പതിമാർ നൽകിയ ഹർജി തിങ്കളാഴ്ച ബെംഗളൂരു പ്രിൻസിപ്പൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി പരിഗണിച്ചു. തുടർവാദത്തിനായി ബുധനാഴ്ചത്തേക്ക് മാറ്റി.
SUMMARY: Chit fund fraud case involving Malayali couple; CID takes over investigation