കണ്ണൂര്‍: പയ്യന്നൂരിൽ പാചകവാതക ഏജൻസി ജീവനക്കാരനെ ആക്രമിച്ച് രണ്ടുലക്ഷം രൂപ കവർന്നു. ചെറുകുന്നിലെ അന്നപൂർണ ഏജൻസി ജീവനക്കാരനും പയ്യന്നൂർ റൂറൽ ബാങ്ക് റിട്ട. ജീവനക്കാരനുമായ സി.കെ. രാമകൃഷ്ണനെ (59) ആണ് ആക്രമിച്ച് പണം തട്ടിപ്പറിച്ചത്. ശനിയാഴ്ച രാത്രി 7.30-ഓടെ പയ്യന്നൂർ അമ്പലം – തെരു റോഡരികിലെ ഇടറോഡിൽ വെച്ചാണ് സംഭവം. ബൈക്കിലെത്തിയ മൂന്നംഗസംഘം രാമകൃഷ്ണനെ ആക്രമിച്ച് 2,05,400 രൂപ തട്ടിയെടുക്കുകയായിരുന്നു.
ഗ്യാസ് ഏജൻസി ഓഫീസിലെ കളക്ഷൻ തുക വൈകീട്ട് രാമകൃഷ്ണൻ വീട്ടിലേക്ക് വരുമ്പോൾ കൊണ്ടുവരാറാണ് പതിവ്. ഇത് അറിയാവുന്നവരാണ് കവർച്ച നടത്തിയതിന് പിന്നിലെന്നാണ് നിഗമനം. ബൈക്കിലെത്തിയ ആക്രമികളിൽ ഒരാൾ ഹെൽമെറ്റും രണ്ടാമൻ മാസ്കും ധരിച്ചിരുന്നുവെന്ന് രാമകൃഷ്ണൻ പറഞ്ഞു. ബലമായി രാമകൃഷ്ണന്റെ കൈയ്യിലുണ്ടായിരുന്ന ബാഗ് തട്ടിപറിച്ച് പണം എടുത്ത ശേഷം ആക്രമികൾ കുറച്ച് ദൂരെ വെച്ച ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു. പിന്തുടർന്നോടിയ രാമകൃഷ്ണനെ ഇവർ തള്ളിവീഴ്‌ത്തി. വീഴ്ചയിൽ കല്ലിൽ തലയിടിച്ച് പരുക്കേറ്റ രാമകൃഷ്ണനെ പയ്യന്നൂർ സഹകരണ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
SUMMARY: An employee of a cooking gas agency was attacked and robbed of two lakh rupees in Payyannur