ബെംഗളൂരു: ഓൾ ഇന്ത്യ കെഎംസിസി ബെംഗളൂരു സെൻട്രൽ കമ്മിറ്റിയുടെ ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യുമാനിറ്റി ലാൽബാഗിനു സമീപം സിറ്റി പാലസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച എട്ടാമത് സമൂഹവിവാഹത്തിൽ 12 ജോഡി യുവതീയുവാക്കൾ ദാമ്പത്യജീവിതത്തിലേക്ക് കടന്നു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എഐകെഎംസിസി പ്രസിഡന്റ് ടി.ഉസ്മാൻ അധ്യക്ഷത വഹിച്ചു. 10 പേരുടെ നിക്കാഹ് കർമത്തിന് മുഫ്തി ഇർഷാദ് അഹമ്മദ് മസ്ഹരി നേതൃത്വം നൽകി. ഇതര സമുദായത്തിൽപെട്ട രണ്ടുപേരുടെ വിവാഹച്ചടങ്ങുകൾ അവരുടെ ആചാരപ്രകാരം കഴിഞ്ഞദിവസം നടത്തി.
കർണാടക ചെറുകിട വ്യവസായ കോർപ്പറേഷൻ ചെയർമാൻ രഘുമൂർത്തി എംഎൽഎ വധുക്കൾക്കുള്ള വിവാഹ സമ്മാനം കൈമാറി. പ്രമുഖ വ്യവസായിയും സഫാരി ഗ്രൂപ്പ് വൈസ് ചെയർമാനുമായ കെ. സൈനുൽ ആബിദീൻ മുഖ്യാതിഥിയായി. എൻ.എ. ഹാരിസ് എംഎൽഎ, നസീർ അഹമ്മദ്, കർണാക ഡിജിപി എം.എ. സലീം, മുഹമ്മദ് ഹാരിസ് നാലപ്പാട്, ഡോ. പി.സി. ജാഫർ, ആർ.വി. യുവരാജ്, അഡ്വ. വി.കെ. ഫൈസൽ ബാബു, ഹനീഫ ഹുദവി, സി. മുഹമ്മദ് കുഞ്ഞി, ജനറൽ സെക്രട്ടറി എം.കെ. നൗഷാദ്, സെക്രട്ടറി ഡോ. എം.എ. അമീറലി എന്നിവർ സംസാരിച്ചു. റഈസ് ദാസറഹള്ളി ഖിറാഅത്ത് നിർവഹിച്ചു.
ന്യൂനപക്ഷ വിദ്യാഭ്യാസസമിതി കാസറഗോഡ് ജില്ലാകമ്മിറ്റി ഏർപ്പെടുത്തിയ മെട്രോ മുഹമ്മദ് ഹാജി അവാർഡ് എസ്ടിസിഎച്ചിന് കൈമാറി. സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ജീവിതത്തെ അധികരിച്ച് നോവലിസ്റ്റ് ഒ.എം. അബൂബക്കർ രചിച്ച ‘ദ റോൾ മോഡൽ’ പ്രകാശനകര്‍മ്മവും ചടങ്ങിൽ നടന്നു.
SUMMARY: AIKMCC community marriage