തിരുവനന്തപുരം: കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത ബീഡി ബീഹാർ പരാമർശത്തെ തുടർന്ന് കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്‍ ചെയർമാൻ വി.ടി. ബല്‍റാം സ്ഥാനം ഒഴിഞ്ഞു. ബീഡി ബീഹാർ പോസ്റ്റ് അംഗീകരിക്കാൻ ആകുന്നതല്ലെന്ന് വി.ടി. ബല്‍റാം പറഞ്ഞു. ഇത്തരത്തിലുള്ള പോസ്റ്റുകള്‍ വരുമ്പോൾ അതിനെതിരെ പ്രതികരിക്കാനുള്ള സമയം തനിക്കില്ലെന്നും, ഇക്കാര്യം കെപിസിസി അധ്യക്ഷനെ നേരിട്ട് അറിയിച്ചെന്നും ബല്‍റാം വ്യക്തമാക്കി.
പോസ്റ്റില്‍ ജാഗ്രത കുറവും അപാകതയും ഉണ്ടായെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചിരുന്നു. സോഷ്യല്‍ മീഡിയ വിഭാഗം പുനസംഘടിപ്പിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. പിന്നാലെയാണ് സ്ഥാനമൊഴിഞ്ഞെന്ന പ്രഖ്യാപനവുമായി വി.ടി. ബല്‍റാം രംഗത്തെത്തിയത്. ഇത് നേരത്തെയെടുത്ത തീരുമാനമാണെന്ന് വി.ടി. ബല്‍റാം അറിയിച്ചു. കൂടുതല്‍ പ്രൊഫഷണല്‍ ആയി കൈകാര്യം ചെയ്യുന്നവരെ നിയമിക്കണമെന്നും ബല്‍റാം കൂട്ടിച്ചേർത്തു.
അതേസമയം ബീഡി-ബിഹാർ പോസ്റ്റ് തെറ്റായിപ്പോയെന്ന് സണ്ണി ജോസഫ് പ്രതികരിച്ചു. പോസ്റ്റില്‍ ജാഗ്രത കുറവും അപാകതയും ഉണ്ടായിട്ടുണ്ട്. ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ അത് പിൻവലിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തൻ്റെ അറിവോടെയല്ല പോസ്റ്റ് വന്നതെന്ന് വി.ടി ബല്‍റാം അറിയിച്ചിരുന്നെന്നും സോഷ്യല്‍ മീഡിയ വിഭാഗം പുനഃസംഘടിപ്പിക്കുമെന്നും കെപിസിസി പ്രസിഡന്റ് അറിയിച്ചു.
SUMMARY: VT Balram resigns from KPCC social media in-charge