പാട്‌ന: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ദ ടെലഗ്രാഫ് എഡിറ്ററുമായ സംഘര്‍ഷന്‍ താക്കൂര്‍ അന്തരിച്ചു. 63 വയസായിരുന്നു. കുറച്ച് കാലമായി അസുഖ ബാധിതനായിരുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച രാഷ്ട്രീയ പത്രപ്രവർത്തകരിൽ ഒരാളായി അറിയപ്പെടുന്ന താക്കൂർ ദി ടെലിഗ്രാഫിന് പുറമേ ദി ഇന്ത്യൻ എക്സ്പ്രസ്, തെഹൽക്ക തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും പ്രവർത്തിച്ചിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തെ സൂക്ഷ്മമായി വിശകലനം ചെയ്യുന്ന വ്യക്തി കൂടിയായിരുന്നു അദ്ദേഹം.
1962ല്‍ പാട്‌നയിലായിരുന്നു സംഘര്‍ഷന്‍ താക്കൂറിന്റെ ജനനം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജനാര്‍ധന്‍ താക്കൂറിന്റെ മകനാണ്. 1984ല്‍ സണ്‍ഡേ മാഗസിനിലൂടെയാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. നിര്‍ഭയമായ ഗ്രൗണ്ട് റിപ്പോര്‍ട്ടിങ്ങാണ് സംഘര്‍ഷന്‍ താക്കൂറെന്ന മാധ്യമപ്രവര്‍ത്തകനെ ശ്രദ്ധേയമാക്കിയത്. കാര്‍ഗില്‍ യുദ്ധം, കശ്മീരിലെ പ്രശ്‌നബാധിത പ്രദേശങ്ങളില്‍ നിന്നും ബിഹാറിലെ രാഷ്ട്രീയ ഭൂമിയില്‍ നിന്നുമുള്ള റിപ്പോര്‍ട്ടിങ്ങുകള്‍ എന്നിവ ഏറെ ദേശീയ ശ്രദ്ധനേടി. ഭോപ്പാല്‍ ഗ്യാസ് ദുരന്തം, 1984ലെ കലാപം, ഇന്ദിരാഗാന്ധിയുടെ കൊലപാതകം, ശ്രീലങ്കന്‍ യുദ്ധം, മാല്‍ദ്വീപ് അട്ടിമറി എന്നിവയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2001ല്‍ പ്രേം ഭാട്ടിയ പുരസ്‌കാരവും 2003ല്‍ അപ്പന്‍ മേനോന്‍ ഫെല്ലോഷിപ്പും കരസ്ഥമാക്കി.
ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജീവചരിത്രമായ ‘സബാള്‍ട്ടേണ്‍ സാഹേബ്’ രചിച്ചിട്ടുണ്ട്. ലാലു പ്രസാദ് യാദവും നിതീഷ് കുമാറും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിച്ച് കൊണ്ട് ‘ദ ബ്രദേര്‍സ് ബിഹാറി’ എന്ന പുസ്തകവും രചിച്ചിട്ടുണ്ട്. കാര്‍ഗില്‍ യുദ്ധം, പാകിസ്താന്‍, ഉത്തര്‍പ്രദേശിലെ ദുരഭിമാനക്കൊല എന്നിവയെക്കുറിച്ചുള്ള ദീര്‍ഘ ലേഖനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.
പരഞ്‌ജോയ് ഗുഹ താക്കുര്‍ത്ത അടക്കമുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരാണ് മരണവിവരം സമൂഹമാധ്യമങ്ങളിലുടെ അറിയിച്ചത്. നിരവധിപ്പേരാണ് അനുശോചനം അറിയിച്ച് രംഗത്തെത്തിയത്. കോൺഗ്രസ് നേതാവ് ജയറാം രമേശ് താക്കൂറിന് ‘എക്സി’ൽ ആദരാഞ്ജലികൾ അർപ്പിച്ചു. ‘താരതമ്യേന ചെറുപ്പത്തിൽ അന്തരിച്ച, ദി ടെലിഗ്രാഫിന്റെ എഡിറ്ററായ സംഘർഷൻ താക്കൂർ ഒരു മികച്ച എഴുത്തുകാരനായിരുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ സൂക്ഷ്മമായ വിശകലന വിദഗ്ദ്ധനായിരുന്നു അദ്ദേഹം. ബിഹാറിനെയും ജമ്മു കശ്മീറിനെയും കുറിച്ചുള്ള നിരവധി ലേഖനങ്ങൾ അദ്ദേഹത്തിന്റെ ഖ്യാതിക്കാധാരമായി. ഒരു പത്രപ്രവർത്തകനെന്ന നിലയിൽ നിരവധി വർഷങ്ങളിൽ സ്ഥിരതയോടെ വിവരങ്ങൾ നൽകി. പഠിപ്പിക്കുകയും ചെയ്തു. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വിഭാഗത്തിൽ പെട്ടയാളായിരുന്നു അദ്ദേഹം. ലിബറൽ, ജനാധിപത്യ, മതേതര, ബഹുസ്വര ഇന്ത്യക്ക് അതിന്റെ ഏറ്റവും ശക്തരായ സംരക്ഷകരിൽ ഒരാളെ നഷ്ടപ്പെട്ടു’ എന്നും രമേശ് അനുസ്മരിച്ചു.
SUMMARY: The Telegraph editor Sangharshan Thakur passes away
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.