തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചെന്ന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ സുഹൃത്തുക്കളായ 4 പേരെ കൂടി പ്രതിചേര്‍ത്തു. തിരിച്ചറിയല്‍ കാര്‍ഡ് വിതരണത്തിനായി വാട്‌സ്‌ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചതായും ക്രൈംബ്രാഞ്ച് കണ്ടെത്തി. മൊഴി നല്‍കാന്‍ ശനിയാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം രാഹുലിന് നോട്ടീസ് നല്‍കും.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ റൂബിന്‍ ബാബു, അശ്വന്ത്, ജിഷ്ണു , ചാര്‍ലി ഡാനിയല്‍ എന്നിവരെയാണ് ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചതില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. വ്യാജരേഖ നിര്‍മ്മിച്ച കേസില്‍ നേരത്തെ അറസ്റ്റിലായ പ്രതികളുടെ ഫോണുകളില്‍ നിന്നും ഇത് സംബന്ധിച്ച വിവരം ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു.
വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കി വിതരണം ചെയ്യുന്നതിന് വാട്‌സ്‌ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. കാര്‍ഡ് കളക്ഷന്‍ എന്ന പേരിലായിരുന്നു ഗ്രൂപ്പ്. പുതുതായി പ്രതിചേര്‍ത്ത 4 പേര്‍ കൂടി ചേര്‍ന്നാണ് വാട്‌സ്‌ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചത് എന്നാണ് ക്രൈംബ്രാഞ്ചിനെ കണ്ടെത്തല്‍.
SUMMARY: Fake ID card; Crime Branch charges Rahul’s friends in the case