വയനാട്: വയനാട് ഡിസിസി അധ്യക്ഷൻ എൻ.ഡി അപ്പച്ചൻ രാജിവെച്ചു. രാജി കെപിസിസി നേതൃത്വം അംഗീകരിച്ചു. വയനാട് പാർട്ടിയിലെ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് അപ്പച്ചൻ പാർട്ടിയെ അറിയിച്ചിരുന്നു. കല്‍പ്പറ്റ നഗരസഭാ അധ്യക്ഷൻ ടി.ജെ ഐസക്കിന് താൽകാലിക ചുമതല നൽകാനാണ് തീരുമാനം.
മുള്ളൻകൊല്ലിയിലെ അടക്കമുള്ള വിഷയങ്ങൾ കോൺഗ്രസിനെ വെട്ടിലാക്കിയിരുന്നു. സ്വയം രാജിവച്ചതാണെന്ന് അപ്പച്ചൻ പറഞ്ഞു. ബാക്കി കാര്യങ്ങൾ കെപിസിസി നേതൃത്വം പറയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”രാജി സന്നദ്ധത അറിയിച്ചിരുന്നതാണ്. രാജി അംഗീകരിച്ചതായി നേതാക്കൾ എന്നെ അറിയിച്ചിട്ടില്ല. ഒഴിവാകാന്‍ പറഞ്ഞാല്‍ നാളെ ഒഴിവാകും” അപ്പച്ചൻ മാധ്യമങ്ങളോട് പറഞ്ഞു.
വയനാട് ഡിസിസി ട്രഷറർ എൻ.എം വിജയന്‍റെ ആത്മഹത്യയിൽ ഐ.സി ബാലകൃഷ്ണൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ, മുൻ കോൺഗ്രസ് നേതാവ് കെ.കെ ഗോപിനാഥൻ എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയിരുന്നു. പിന്നീട് ഇവര്‍ക്ക് കല്പറ്റ സെഷൻസ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
താൽകാലിക ചുമതല നല്‍കിയ ടി.ജെ ഐസക്ക് എമിലി ഡിവിഷനിൽ നിന്നുള്ള കൗൺസിലറും 13 വർഷമായി സ്ഥിരം സമിതി അധ്യക്ഷനുമാണ്. കെഎസ്‌യു ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, യൂത്ത് കോൺഗ്രസ് കൽപ്പറ്റ ബ്ലോക്ക് വൈസ് പ്രസിഡന്റ്, ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി, കെപിസിസി സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിൻ്റെ ശക്തമായ പിന്തുണയുള്ള നേതാവ് കൂടിയാണ് ഐസക്. ടി സിദ്ധീഖ് എംഎൽഎയുടെ പിന്തുണയും ഐസക്കിനുണ്ട്. കെപിസിസി അംഗവും മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റുമായ കെ ഇ വിനയന്‍റെ പേരും അധ്യക്ഷ സ്ഥാനത്തേക്കുള്ള പരിഗണനയിലുണ്ട്.
SUMMARY: Wayanad DCC President ND Appachan resigns