വാഷിംഗ്ടൺ: ഗാസ യുദ്ധം അവസാനിപ്പിക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവിഷ്കരിച്ച 20 നിർദ്ദേശങ്ങൾ അടങ്ങിയ സമാധാന പദ്ധതി അംഗീകരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ട്രംപുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ഇരു നേതാക്കളും നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയത്. 72 മണിക്കൂറിനുള്ളിൽ ഹമാസ് മറുപടി പറയണമെന്നും, അങ്ങനെയെങ്കിൽ ആ നിമിഷം യുദ്ധം അവസാനിക്കുമെന്നും ട്രംപ് അറിയിച്ചു. മുഴുവൻ ബന്ദികളെയും ഉടൻ മോചിപ്പിക്കണം.
ട്രംപും നെതന്യാഹുവും വൈറ്റ് ഹൗസിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ട്രംപിന്റെ നേതൃത്വത്തിലെ ബോർഡിനാണ് പദ്ധതിയുടെ മേൽനോട്ടം. ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ അംഗമാകും. ഗാസയിൽ ഹമാസിന്റെ സൈനിക/ഭരണ ശേഷി ഇല്ലാതാക്കുക, ഗാസയുടെ പുനർനിർമ്മാണം, മാനുഷിക സഹായം തുടങ്ങിയ നിർദ്ദേശങ്ങൾ പദ്ധതിയിൽ ഉൾപ്പെടുന്നു. ഹമാസിനെ അനുനയിപ്പിക്കേണ്ട ചുമതല ട്രംപ് മിഡിൽ ഈസ്റ്റ് രാജ്യങ്ങൾക്ക് കൈമാറി. ഹമാസ് വിസമ്മതിച്ചാൽ ഇസ്രയേൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
വെടിനിർത്തൽ നടപടികളുടെ ആദ്യപടി മിതമായ സൈനിക പിൻമാറ്റം ആയിരിക്കുമെന്നും തുടർന്ന് 72 മണിക്കൂറിനുള്ളിൽ എല്ലാ ഇസ്രയേലി ബന്ദികളെയും മോചിപ്പിക്കുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി പറഞ്ഞു. അടുത്ത ഘട്ടം ഹമാസിനെ പൂർണ്ണമായും നിരായുധീകരിക്കുന്നതിനും ഗാസയെ സൈനികവൽക്കരിക്കുന്നതിനും ചുമതലയുള്ള ഒരു അന്താരാഷ്ട്ര സംഘടന സ്ഥാപിക്കുന്നതായിരിക്കും. ഈ അന്താരാഷ്ട്ര സംഘടന വിജയിച്ചാൽ, ഞങ്ങൾ യുദ്ധം ശാശ്വതമായി അവസാനിപ്പിച്ചിരിക്കുമെന്നും നെതന്യാഹു പറഞ്ഞു.
SUMMARY: Israel-Hamas War: Netanyahu Says Full Support for Trump’s Peace Plan