കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ നിയമനത്തില്‍ അതൃപ്തി പരസ്യമാക്കി ദേശീയ സെക്രട്ടറി അബിന്‍ വര്‍ക്കി. കേരളത്തില്‍ തുടരാന്‍ അവസരം നല്‍കണമെന്ന് നേതാക്കളോട് അഭ്യര്‍ഥിക്കുകയാണെന്നും പാര്‍ട്ടി പറഞ്ഞതെല്ലാം താന്‍ ചെയ്ട്ടുണ്ടെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇതിലൂടെ യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി സ്ഥാനം അബിന്‍ വര്‍ക്കി ഏറ്റെടുക്കില്ലെന്നാണ് വ്യക്തമാകുന്നത്.
കാലങ്ങളായി യൂത്ത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നു. രാഹുല്‍ ഗാന്ധിയോട് കടപ്പെട്ടിരിക്കുന്നു. കഴിഞ്ഞ തവണ മത്സരിക്കാനായി.170000 വോട്ടുകളാണ് നേടിയത്. കോണ്‍ഗ്രസ് എന്ന ടാഗ് വന്നാലേ താന്‍ ഉള്ളൂ. അതിനെ കളങ്കപ്പെടുത്തുന്ന ഒന്നും ഉണ്ടാകില്ലെന്നും അബിന്‍ വര്‍ക്കി പറഞ്ഞു. നിലപാടിലുറച്ച അബിന്‍ വര്‍ക്കി മാധ്യമങ്ങളിലൂടെ വൈകാരികമായാണ് പ്രതികരിച്ചത്.
കേരളത്തില്‍ പ്രവര്‍ത്തനം തുടരണമെന്നാണ് ആഗ്രഹം. കോണ്‍ഗ്രസ് വികാരം മാത്രമാണ് ഉള്ളത്. ആ അഡ്രസ് മാത്രമാണ് ഉള്ളത്. സഹപ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ തന്നോടൊപ്പം നിന്നു. പാര്‍ട്ടി തീരുമാനത്തെ മറിച്ച് പറയില്ല. സ്ഥാനമാനമല്ല പ്രധാനം. പാര്‍ട്ടി തീരുമാനം തെറ്റാണെന്ന് താന്‍ പറയില്ലെന്നും അബിന്‍ വര്‍ക്കി കൂട്ടിച്ചേര്‍ത്തു.
തന്നെ വെട്ടി തുണ്ടമാക്കിയാലും പാര്‍ട്ടി തന്നെയാണ് വലുത്. വെല്ലുവിളിക്കാന്‍ ഇല്ല. അഭ്യര്‍ത്ഥന മുന്നോട്ട് വെക്കുകയാണ്. ജനീഷ് യോഗ്യനാണ്. യൂത്ത് കോണ്‍ഗ്രസില്‍ ആരും അയോഗ്യരല്ല. മതേതരത്വം മുറുകെ പിടിച്ച് മുന്നോട്ടുപോകുന്നവരാണ്. സ്ഥാനം ഇല്ലെങ്കിലും താന്‍ യൂത്ത്‌കോണ്‍ഗ്രസില്‍ ഉണ്ടാകുമെന്നും അബിന്‍ കൂട്ടിച്ചേര്‍ത്തു.
SUMMARY: Youth Congress state president appointment; Abin Varkey expresses dissatisfaction