ന്യൂഡൽഹി: അടുത്ത അഞ്ച് വർഷത്തിനുള്ളില്‍ ഇന്ത്യയിലെ എഐ ഹബ്ബുകള്‍ക്കായി 1.25 ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് ഗൂഗിള്‍ മേധാവി സുന്ദർ പിച്ചൈ. നിക്ഷേപം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് വഴിയൊരുക്കുമെന്നും ഇന്ത്യ ലോകത്തെ എഐ ശക്തിയാകുമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചർച്ചകള്‍ക്ക് ശേഷമാണ് യു എസ് ടെക് ഭീമന്റെ ഈ സുപ്രധാന പ്രഖ്യാപനം. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് എ ഐ ഹബ്ബ് സ്ഥാപിക്കുക. ഇതോടെ ഗൂഗിളിൻ്റെ രണ്ടാമത്തെ ഏറ്റവും വലിയ എഐ ഹബ്ബും ഡാറ്റാ സെൻ്ററും ഇന്ത്യയില്‍ നിലവില്‍ വരും. ഗൂഗിളിൻ്റെ ഈ ഭീമൻ നിക്ഷേപം രാജ്യത്തിന്റെ സാങ്കേതികവിദ്യാ മേഖലയുടെ ഭാവിക്ക് പുതിയ ദിശാബോധം നല്‍കുമെന്ന് വിലയിരുത്തപ്പെടുന്നു.
പുതിയ ഡാറ്റാ സെൻ്റർ എഐ സംവിധാനങ്ങളുടെ വേഗതയും കാര്യക്ഷമതയും വർദ്ധിപ്പിക്കും. ഇന്ത്യയുടെ വലിയ ഡാറ്റാ ശേഖരം കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാൻ ഇത് അവസരമൊരുക്കും. അമേരിക്കയ്ക്കു പുറത്ത് ഇത്രയും വലിയൊരു എഐ താവളം സ്ഥാപിക്കുന്നതിലൂടെ, ആഗോള എഐ ഭൂപടത്തില്‍ ഇന്ത്യയുടെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടും.
ആന്ധ്രാപ്രദേശ് സർക്കാരുമായി കരാർ ഒപ്പിട്ടതിന് തൊട്ടുപിന്നാലെ വന്ന ഈ പ്രഖ്യാപനം, ഡിജിറ്റല്‍ ഇന്ത്യ ലക്ഷ്യങ്ങള്‍ക്ക് ശക്തി പകരുന്നതും, ഭാവിയില്‍ രാജ്യം സാങ്കേതികവിദ്യാ ലോകത്തെ ഒരു പ്രധാന ശക്തിയായി മാറുമെന്നതിൻ്റെയും സൂചനയുമാണ്.
SUMMARY: Google to invest $15 billion; first AI hub coming to India