ബെംഗളൂരു: മുംബൈയില്‍ നിന്ന് ബെംഗളൂരുവിലേക്ക് 18 ലക്ഷം രൂപയുടെ ആമസോണ്‍ ഉല്‍പ്പന്നങ്ങളുമായി വരികയായിരുന്ന കണ്ടെയ്‌നര്‍ കൊള്ളയടിച്ച കേസില്‍ ഹരിയാനയില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. ഷോകീന്‍, നൂഹിലെ സബ്രാസില്‍ താമസിക്കുന്ന തയ്യാബ്, പല്‍വാലിലെ മാമോള ഗ്രാമത്തിലെ താമസക്കാരായ സല്‍മാന്‍, ഷാരൂഖ് എന്നിവരാണ് അറസ്റ്റിലായത്. സ്വകാര്യ കരാര്‍ കമ്പനിയാണ് ആമസോണില്‍ ബുക്ക് ചെയ്ത പാഴ്സലുകള്‍ കര്‍ണാടകയില്‍ എത്തിക്കുന്നത്.
പാഴ്സലുകള്‍ കമ്പനിയുടെ വാഹനത്തില്‍ നിറച്ച് മുംബൈയില്‍ നിന്ന് ബെംഗളൂരുവിലേക്ക് കഴിഞ്ഞയാഴ്ച അയച്ചതായി മാനേജര്‍ പോലീസിനെ അറിയിച്ചു.ഡ്രൈവര്‍മാരായ മുവാരിക്, പങ്കജ് കുമാര്‍ എന്നിവരാണ് വാഹനം ഓടിച്ചിരുന്നത്. എന്നാല്‍, മുവാരികിനെ മയക്കുമരുന്ന് നല്‍കി ഉറക്കി പങ്കജ് കുമാര്‍ സുഹൃത്തുക്കളോടൊപ്പം കണ്ടൈയ്‌നര്‍ കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ വെച്ച് കൊള്ളയടിക്കുകയായിരുന്നു.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ചൊവ്വാഴ്ച ഹരിയാനയില്‍ നിന്ന് നാലുപേരെയും പിടികൂടിയത്. പ്രതികളില്‍ നിന്ന് മോഷ്ടിച്ച സാധനങ്ങള്‍ കൊണ്ടുപോകാന്‍ ഉപയോഗിച്ച ഒരു ട്രക്കും പോലീസ് കണ്ടെടുത്തു. എല്ലാ പ്രതികളെയും കര്‍ണാടക പോലീസ് സംഘത്തിന് കൈമാറിയെന്ന് അറിയാന പോലീസ് അറിയിച്ചു.
SUMMARY: Amazon products worth Rs 18 lakh stolen; accused arrested in Haryana