കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിലെ ശിരോവസ്ത്ര വിവാദത്തിൽ വിദ്യാർഥി ഇനി സ്കൂളിലേക്ക് ഇല്ല. സ്കൂളിൽ നിന്ന് ടിസി വാങ്ങും. പിതാവ് അനസാണ് ഇക്കാര്യം അറിയിച്ചത്.കുട്ടിയ്ക്ക് സ്കൂളിൽ തുടരാൻ മാനസികമായ ബുദ്ധിമുട്ടുണ്ടെന്നും പിതാവ് അറിയിച്ചു. ഇതുവരെ സ്കൂളിന്റെ ഭാഗത്ത് നിന്നും ആരും ബന്ധപ്പെട്ടിട്ടില്ല. മതസൗഹാർദം തകരുന്ന ഒന്നും ഉണ്ടാവരുതെന്നാണ് താൻ ആഗ്രഹിക്കുന്നത്. വിഷയത്തിൽ ഇടപ്പെട്ട സംസ്ഥാന സർക്കാറിനും വിദ്യാഭ്യാസമന്ത്രിക്കും നന്ദി പറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നലെ രാത്രി മുതൽ കുട്ടിയ്ക്ക് ചില ശാരീരിക പ്രശ്‌നങ്ങളുണ്ടെന്നും തിങ്കളാഴ്ച മുതൽ കുട്ടി സ്‌കൂളിൽ എത്തുമെന്നുമായിരുന്നു ആദ്യം അറിയിച്ചിരുന്നത്. പിന്നീടാണ് കുട്ടി ഇനി ആ സ്കൂളിലേക്കില്ലെന്ന് പിതാവ് അറിയിക്കുന്നത്. വിവാദത്തിന് പിന്നാലെ സ്കൂൾ രണ്ട് ദിവസത്തേക്ക് അടച്ചിരുന്നു. പിന്നീട് സ്കൂൾ തുറന്നെങ്കിലും ഹിജാബ് ധരിക്കണമെന്ന് ആവശ്യവുമായി മുന്നോട്ടുവന്ന വിദ്യാർഥിനി അവധിയിൽ ആയിരുന്നു. ഹിജാബ് ഇല്ലാതെ വരാമെന്ന് സമ്മതപത്രം നൽകിയാൽ വിദ്യാർഥിനിക്ക് സ്കൂളിൽ തുടരാം എന്ന നിലപാടിലായിരുന്നു സ്കൂൾ മാനേജ്‌മെന്റ്.
സ്‌കൂളിന്റെ നിയമാവലി അംഗീകരിക്കുന്നുവെന്ന് കുട്ടിയുടെ പിതാവ് അറിയിച്ചതിനെ തുടർന്ന് വിഷയത്തിൽ പരിഹാരം ഉണ്ടായിരുന്നു. തുടർന്നും കുട്ടിയെ ഈ സ്‌കൂളിൽ തന്നെ പഠിപ്പിക്കാനാണ് ആഗ്രഹമെന്നും കുട്ടിയുടെ പിതാവ് പറഞ്ഞിരുന്നു.
ഈ മാസം ഏഴിനാണ് സംഭവം. സ്‌കൂളിലെ ഒരു വിദ്യാർഥി യൂണിഫോമിൽ അനുവദിക്കാത്ത രീതിയിൽ ഹിജാബ് ധരിച്ചുവന്നതാണ് തർക്കത്തിനു കാരണമായത്. ഹൈബി ഈഡൻ എംപിയുടെയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെയും മധ്യസ്ഥതയിൽ രക്ഷിതാവും സ്‌കൂൾ മാനേജ്മെന്റ് പ്രതിനിധികളും നടത്തിയ ചർച്ചയിലായിരുന്നു പ്രശ്നത്തിന് പരിഹാരം ഉണ്ടായത്.
SUMMARY: Hijab controversy; Girl quits Palluruthi school, will get TC