മുംബൈ: വന്‍ കുതിപ്പ് നടത്തി ഓഹരി വിപണി. ബിഎസ്ഇ സെന്‍സെക്‌സ് 800 പോയിൻ്റ് വരെ എത്തി. 26000 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ് നിഫ്റ്റി. ഇന്ത്യന്‍ ഐടി കമ്പനികളാണ് ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകുമെന്ന സൂചനകളാണ് വിപണിയില്‍ പ്രതിഫലിച്ചത്. ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക്, ആക്സിസ് ബാങ്ക്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍ ഓഹരികളാണ് പ്രധാനമായി ലാഭം കൊയ്തത്. അമേരിക്ക ഇറക്കുമതി തീരുവ 15 ശതമാനമായി കുറക്കുമെന്ന പ്രതീക്ഷയും മുന്നേറ്റത്തിന് കാരണമായി.
ഡോളറിനെതിരെ രൂപയ്ക്കും നേട്ടമാണ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപ 13 പൈസയാണ് മുന്നേറിയത്. നിലവില്‍ ഡോളറിനെതിരെ 87.80 എന്ന നിലയിലാണ് രൂപയുടെ വിനിമയം നടക്കുന്നത്.
നിഫ്റ്റി മിഡ്‌ക്യാപ് 100 സൂചിക 0.2% ഉയർന്നപ്പോൾ, നിഫ്റ്റി സ്‌മോൾക്യാപ് 100 സൂചിക 0.1% താഴ്ന്നിട്ടുണ്ട്. ബാങ്ക് നിഫ്റ്റി സൂചിക 58,200 ലെവലിനു മുകളിൽ 0.5% ഉയർന്ന് വ്യാപാരം നടത്തി. നിഫ്റ്റി ഐടി, നിഫ്റ്റി പ്രൈവറ്റ് ബാങ്ക്, നിഫ്റ്റി എഫ്എംസിജി, നിഫ്റ്റി മെറ്റൽസ് എന്നിവ നേട്ടങ്ങൾ കൈവരിച്ചപ്പോൾ, നിഫ്റ്റി റിയൽറ്റി, നിഫ്റ്റി ഓയിൽ & ഗ്യാസ് മേഖലകൾ നഷ്ടത്തിലാണ്.
SUMMARY: Stock market surges on hopes of India-US trade deal