തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി കേരളത്തിന് ആവശ്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പദ്ധതിയില്‍ ഒപ്പിട്ടെങ്കിലും കേരളത്തില്‍ ഇത് നടപ്പാക്കില്ലെന്നും അതിനെ കുറിച്ച് കൂടുതല്‍ ഉത്കണ്ഠ വേണ്ടതില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തില്‍ ഇന്നലെ വരെ തുടർന്ന ഇടതുപക്ഷ നിലപാട് അടിയറവ് വെക്കുന്ന സാഹചര്യമേ ഇല്ല.
47 ലക്ഷത്തോളം വരുന്ന വിദ്യാർഥികളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന വിഷയമാണിത്. ഇതിനുവേണ്ടി ലഭിക്കുന്ന ഫണ്ട് ഒഴിവാക്കേണ്ട ആവശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. മതേതരത്വം, സാമ്രാജ്യത്വ വിരുദ്ധ നിലപാട്, വർഗീയതയ്ക്ക് എതിരായ നിലപാട് എന്നിവയെല്ലാം ഉള്‍ക്കൊള്ളിച്ചിട്ടുള്ള പാഠപുസ്തകങ്ങളാണ് കേരളത്തിനുള്ളത്.
ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച്, പാഠപുസ്തകം ഇറക്കുന്നതിനുള്ള എല്ലാ അധികാരവും സംസ്ഥാന സർക്കാരിനും അതിന്‍റെ എസ്സിആർടി സ്ഥാപനത്തിനുമാണ്. അതിനാല്‍ ഈ വിഷയത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. എഗ്രിമെന്‍റ് ഒപ്പുവെച്ചാല്‍ പിന്മാറാൻ കഴിയില്ല എന്ന സംശയം നിലനില്‍ക്കുന്നുണ്ട്. ഏത് നിമിഷം വേണമെങ്കിലും ഇതില്‍ നിന്ന് പിന്മാറാമെന്ന് ഒപ്പുവെച്ച ധാരണാപത്രത്തില്‍ (എംഒയു) കൃത്യമായി പറയുന്നുണ്ട്.
പിന്മാറണമെങ്കില്‍ ഇരു കക്ഷികളും തമ്മില്‍ ആലോചിച്ചിട്ട് വേണം തീരുമാനം എടുക്കേണ്ടത്. ഇരുകക്ഷികളും യോജിച്ച് തീരുമാനമെടുത്തില്ലെങ്കില്‍ കോടതിയില്‍ പോകാനുള്ള അവകാശവും ധാരണാപത്രത്തില്‍ പറയുന്നുണ്ട്. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തിന്‍റെ വിദ്യാഭ്യാസ നയം ഒരു കാരണവശാലും അടിയറവ് വെക്കുന്ന പ്രശ്നമേയില്ലെന്നും മന്ത്രി ആവർത്തിച്ചു.
കെ സുരേന്ദ്രൻ ആർഎസ്‌എസിന്‍റെയും അതുപോലെയുള്ളവരുടെയും ചരിത്രവും പ്രവർത്തന ശൈലിയുമൊക്കെ പാഠപുസ്തകങ്ങളിലൂടെ കേരളത്തിലെ വിദ്യാർഥികളെ പഠിപ്പിക്കുമെന്ന് പറയുകയുണ്ടായി. എന്നാല്‍ ഇത് ഒരു കാരണവശാലും കേരളത്തില്‍ നടക്കാൻ പോകുന്ന കാര്യമല്ലെന്നും, അത് സുരേന്ദ്രന്റെ സ്വപ്നം മാത്രമാണെന്നും മന്ത്രി പറഞ്ഞു.
SUMMARY: PM Sri; V Sivankutty says project will not be implemented even though it has been signed














