റായ്പൂർ: ഛത്തീസ്ഗഡില്‍ ട്രെയിനുകള്‍ കുട്ടിയിടിച്ച് വന്‍ അപകടം. ബിലാസ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്താണ് അപകടം ഉണ്ടായത്. ഇതുവരെ 11 പേരുടെ മരണം സ്ഥിരീകരിച്ചു. നിരവധിപേര്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്. ഇതില്‍ 14 പേരുടെ അവസ്ഥ അതീവ ഗുരുതരമാണെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം.
മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് വിവരം. ബിലാസ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം വൈകിട്ട് നാലുമണിയോടെ ചരക്കുതീവണ്ടിയും മെമു ട്രെയിനും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. കോര്‍ബയിലേക്ക് പോകുകയായിരുന്ന മെമു ട്രെയിനും അതേദിശയില്‍ വന്ന ഗുഡ്സ് ട്രെയിനും തമ്മില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ മെമു ട്രെയിനിന്റെ ലോക്കോ പൈലറ്റും മരിച്ചു. ഇടിയുടെ ആഘാതത്തില്‍ പാസഞ്ചര്‍ ട്രെയിന്‍ ചരക്ക് ട്രെയിനിന് മുകളിലേക്ക് കയറുകയും നിരവധി കോച്ചുകള്‍ പാളം തെറ്റുകയും ചെയ്തു.
ബിലാസ്പൂര്‍-കാട്‌നി സെക്ഷനിലാണ് അപകടം. അപായ സിഗ്‌നല്‍ കണ്ടിട്ടും മെമു ട്രെയിന്‍ മുന്നോട്ടു വരികയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപയുടെ അടിയന്തര ധനസഹായം റെയില്‍വേ പ്രഖ്യാപിച്ചു. ഗുരുതരമായി പരുക്കേറ്റവര്‍ക്ക് അഞ്ച് ലക്ഷം രൂപയും നിസാര പരുക്കേറ്റവര്‍ക്ക് ഒരുലക്ഷം രൂപയുടെയും ധനസഹായം റെയില്‍വേ പ്രഖ്യാപിച്ചു.
SUMMARY: Train accident in Chhattisgarh; Death toll rises to 11













