തിരുവനന്തപുരം: ഡോ. എ. ജയതിലകിനെതിരെ ആരോപണമുന്നയിച്ചതിന്‍റെ പേരില്‍ സർവീസില്‍ നിന്ന് സസ്പെൻഡ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥൻ എൻ.പ്രശാന്തിന്‍റെ സസ്പെൻഷൻ നീട്ടി. ആറ് മാസത്തേക്ക് കേന്ദ്ര സർക്കാരാണ് സസ്പെൻഷൻ നീട്ടിയത്. ഐഎഎസ് ഉദ്യോഗസ്ഥനെ ഒരു വർഷമാണ് സംസ്ഥാനത്തിന് സസ്പെൻഡ് ചെയ്യാൻ കഴിയുക.
എൻ. പ്രശാന്തിനെതിരെ വകുപ്പുതല അന്വേഷണം തുടരുന്നതിനാല്‍ സസ്പെൻഷൻ നീട്ടണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുര്‍ന്നാണ് കേന്ദ്ര സർക്കാര്‍ എൻ. പ്രശാന്തിന്‍റെ സസ്പെൻഷൻ ആറ് മസത്തേക്ക് കൂടി നീട്ടിയത്.
ഡോ. എ ജയതിലകിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ കടുത്ത വിമര്‍ശനം ഉന്നയിച്ചത് ചൂണ്ടിക്കാട്ടി 2024 നവംബര്‍ 11 നാണ് പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്തത്. മതാടിസ്ഥാനത്തില്‍ വാട്സ്‌ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തില്‍ കെ. ഗോപാലകൃഷ്ണനെയും ഇതേ ദിവസം സസ്പെൻഡ് ചെയ്തിരുന്നു.
എന്നാല്‍ ഗോപാലകൃഷ്ണന്‍റെ സസ്പെൻഷൻ പിൻവലിച്ച സർക്കാർ പ്രശാന്തിന്‍റേത് ആദ്യം നാല് മാസത്തേക്ക് കൂടി നീട്ടി. പിന്നീട് പല ഘട്ടങ്ങളിലായുള്ള നീട്ടലാണ് ഒരു വർഷത്തിലെത്തി നില്‍ക്കുന്നത്.
SUMMARY: N Prashanth’s suspension extended for 6 more months













