കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. സംവിധായകന്‍ വി എം വിനു കല്ലായി ഡിവിഷനില്‍ നിന്ന് മത്സരിക്കും. നിലവില്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റാണ് കല്ലായി. കോര്‍പറേഷനിലെ രണ്ടാം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിലാണ് വി എം വിനു ഉള്‍പ്പെട്ടിരിക്കുന്നത്. ബാലേട്ടന്‍, വേഷം, ബസ് കണ്ടക്ടര്‍, പല്ലാവൂര്‍ ദേവനാരായണന്‍, മയിലാട്ടം, ആകാശത്തിലെ പറവകള്‍ തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് വിഎം വിനു. നാടക രംഗത്ത് നിന്നും സിനിമയില്‍ എത്തിയ അദ്ദേഹം പ്രമുഖ എഴുത്തുകാരനും നാടകപ്രവര്‍ത്തകനുമായ വിനയന്റെ മകനാണ്.
15 ഡിവിഷനുകളിലെ സ്ഥാനാര്‍ഥികളെയാണ് രണ്ടാംഘട്ടത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസ് പാറോപ്പടിയില്‍ നിന്നാണ് ജനവിധി തേടുക. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വൈശാല്‍ കല്ലാട്ട് എരഞ്ഞിക്കല്‍ നിന്നും മത്സരിക്കും. രണ്ട് ഘട്ടങ്ങളിലായി കോണ്‍ഗ്രസ് 37 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. മൂന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക നാളെ ചേരുന്ന കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം പ്രഖ്യാപിക്കും.
മികച്ച സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും ഇത്തവണ മാറ്റമുണ്ടാകുമെന്നും എം കെ രാഘവന്‍ എംപി പറഞ്ഞു. വാര്‍ഡ് വിഭജിച്ചാലും വോട്ടര്‍ പട്ടികയില്‍ കൃത്രിമത്വം കാണിച്ചാലും ഇത്തവണ തങ്ങൾ വിജയിക്കുമെന്നും രാഘവന്‍ അറിയിച്ചു.













