ബെംഗളൂരു: കടം നൽകിയ പണം തിരികെ ചോദിച്ച വയോധികനെ ശ്വാസം മുട്ടിച്ച് കൊന്നു. ചാമരാജ് നഗർ സ്വദേശി സ്വാമി (72) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർമാരായ പരാശിവമൂർത്തി, സിദ്ധരാജു, മഹേഷ് എന്നിവരെ ബേഗൂര്‍ പോലീസ് പോലീസ് അറസ്റ്റ് ചെയ്തു. പ്രദേശവാസികളിൽ ചിലരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ മൂവരും കുറ്റം സമ്മതിക്കുകയായിരുന്നു.
പ്രതികളിലൊരാളായ പരാശിവമൂർത്തി കൊല്ലപ്പെട്ട സ്വാമിയിൽ നിന്ന് പണം കടം വാങ്ങിയിരുന്നു. കടം വാങ്ങിയ പണം തിരികെ കൊടുക്കാമെന്നു പറഞ്ഞ് ഇവർ സ്വാമിയെ വിളിച്ചുവരുത്തി. തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോയി കഴുത്തിൽ തുണി മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സ്വാമിയുടെ മൃതദേഹം ഗുണ്ടൽപേട്ട് ദേശീയ പാതയ്ക്ക് സമീപം കാമരള്ളിയിൽ വഴിയരികിൽനിന്ന് കണ്ടെത്തി. സ്വാമിയുടെ പക്കൽ ഉണ്ടായിരുന്ന 105 ഗ്രാം സ്വർണം പ്രതികൾ തട്ടിയെടുത്ത് വീതം വച്ചു. ഈ സ്വർണം പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
SUMMARY: Elderly man suffocated to death for demanding back loan













