ബെംഗളൂരു: ബെംഗളൂരു ചിക്കബാനവാര റെയില്‍വേ സ്റ്റേഷനില്‍ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി മരിച്ച മലയാളി വിദ്യാർഥികൾക്ക് കണ്ണീരോടെ വിട. തിരുവല്ല സ്വദേശി ജസ്‌റ്റിൻ ജോസഫ് (21), റാന്നി സ്വദേശിനി സ്റ്റെറിൻ എൽസ് ഷാജി (19) എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഞായറാഴ്ച വൈകിട്ട് ഭക്ഷണം കഴിഞ്ഞ് മടങ്ങുന്നതിനിടെ റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം. സപ്തഗിരി നഴ്സിങ് കോളജിൽ ബിഎസ് സി മൂന്നാം വർഷ വിദ്യാർഥിയാണ് ജസ്‌റ്റിൻ. സ്റ്റെറിൻ സപ്തഗിരി നഴ്‌സിങ് കോളജ് രണ്ടാം വർഷ നഴ്‌സിങ് വിദ്യാർഥിനിയാണ്. ഇന്നലെ വൈകിട്ടോടെ ഇൻക്വസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം ഇരുവരുടെയും മൃതദേഹങ്ങള്‍ രാമയ്യ മെഡിക്കല്‍ കോളെജിലേക്ക് മാറ്റി
വിവരമറിഞ്ഞ് ഇരുവരുടെയും ബന്ധുക്കള്‍ തിങ്കളാഴ്ച രാവിലെയോടെ ബെംഗളൂരുവില്‍ എത്തിയിരുന്നു. സപ്തഗിരി നഴ്‌സിങ് കോളജ് അധികൃതര്‍, സഹപാഠികള്‍ എന്നിവര്‍ രാമയ്യ മെഡിക്കല്‍ കോളെജില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടം നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കേളി ബാംഗ്ലൂർ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രാർത്ഥനാ ചടങ്ങുകളോടെ നാട്ടിലേക്ക് കൊണ്ട് പോകാനുള്ള ഏർപ്പാടുകളും ചെയ്തു. കേളി ഭാരവാഹികളായ സുരേഷ് പാല്‍ക്കുളങ്ങര, ജഷീര്‍ പൊന്ന്യം, അഡ്വ. അനില്‍ തോമസ്, നാദിര്‍ഷ എന്നിവര്‍ സ്ഥലത്തെത്തി സഹായങ്ങള്‍ ചെയ്തു. ഉച്ചയോടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോയി.

തുകലശ്ശേരി കൊച്ചുതടത്തിൽ വീട്ടിൽ കെ.എം.ജോസഫ് -സീമ ദമ്പതികളുടെ മകനാണ് ജസ്റ്റിൻ. സംസ്കാരം നാളെ രാവിലെ സെന്റ് ജോസഫ് ചര്‍ച്ച് തൂവശ്ശേരി, തിരുവല്ലയില്‍ നടക്കും. അത്തിക്കയം കുടമുരുട്ടി തോണിക്കടവിൽ ഷാജി തോമസിന്റെയും സുനുവിൻ്റെയും മകളാണ് സ്റ്റെറിൻ. സംസ്കാരം പിന്നീട്.
SUMMARY: Tearful farewell to Malayali students killed in Bengaluru train accident














