ബെംഗളൂരു: കേരളത്തിൽ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ പോകുന്ന കർണാടകയിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന മലയാളി ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള അവധി നൽകണമെന്ന് നിർദേശം. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ ഓഫീസിൽനിന്നും ഇറക്കിയ കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഐടി കമ്പനികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ, ഹോട്ടലുകൾ എന്നിവക്കാണ് നിർദേശം നൽകിയിരിക്കുന്നത്. കുറഞ്ഞത് മൂന്നു ദിവസം അവധി നൽകണമെന്നാണ് നിർദേശം.
ബെംഗളൂരുവിലും കർണാടകയുടെ വിവിധ ഭാഗങ്ങളിലും ഒട്ടേറെ മലയാളികൾ ജോലി ചെയ്യുന്നുണ്ടെന്നും ഇവർക്കെല്ലാം കേരളത്തിലെത്തി വോട്ടവകാശം വിനിയോഗിക്കാന്‍ അവസരം നൽകണമെന്നും ശിവകുമാര്‍ പറയുന്നു.
ഡിസംബർ 9നും 11-നുമായി രണ്ട് ഘട്ടങ്ങളിലായാണ് കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിലാണ് തിരഞ്ഞെടുപ്പ്. 11ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
SUMMARY: Kerala local body elections; Kerala residents in Karnataka should be given paid leave to vote














