ന്യൂഡൽഹി: സെൻസർ സർട്ടിഫിക്കറ്റ് വിവാദത്തില്‍ വിജയ് ചിത്രം ജനനായകന് തിരിച്ചടി. നിർമാതാക്കള്‍ ഉന്നയിച്ച ഹർജി സുപ്രീംകോടതി തള്ളി. നിർമാതാക്കളോട് ഹൈക്കോടതിയില്‍ തന്നെ ഉന്നയിക്കാൻ ആണ് സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്. മദ്രാസ് ഹൈക്കോടതി ഈ കേസ് പരിഗണിക്കുമ്പോള്‍ സുപ്രീംകോടതി ഈ കേസ് പരിഗണിക്കുന്നത് ഉചിതമല്ല എന്നാണ് സുപ്രീംകോടതി ചൂണ്ടിക്കാണിക്കുന്നത്.
സെൻസർ ബോർഡ് നിർദ്ദേശിച്ച മാറ്റങ്ങള്‍ വരുത്തിയിട്ടും സർട്ടിഫിക്കറ്റ് നല്‍കാതെ മനഃപൂർവ്വം റിലീസ് തടയുന്നു എന്നാരോപിച്ചാണ് നിർമ്മാതാക്കള്‍ കോടതിയെ സമീപിച്ചത്. ആദ്യം കേസ് പരിഗണിച്ച സിംഗിള്‍ ബെഞ്ച് സെൻസർ ബോർഡിനെ രൂക്ഷമായി വിമർശിക്കുകയും ചിത്രത്തിന് പ്രദർശനാനുമതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനെതിരെ ഉടൻ തന്നെ സെൻസർ ബോർഡ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്തതോടെയാണ് ചിത്രം വീണ്ടും നിയമക്കുരുക്കിലായത്. സെൻസർ ബോർഡിന്റെ നടപടികളില്‍ അട്ടിമറി നടന്നെന്ന് നിർമ്മാതാവ് വെങ്കട്ട് കെ. നാരായണ ആരോപിച്ചു. മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ജനുവരി 21-ന് കേസ് വീണ്ടും പരിഗണിക്കാനിരിക്കുകയാണ്. അതുവരെ ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തില്‍ തുടരും.
SUMMARY: Setback for Jananayak; Supreme Court rejects producers’ petition














