ബെംഗളൂരു: ബെംഗളൂരുവില്‍ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ ഐടി ജീവനക്കാരിയായ യുവതി ശ്വാസംമുട്ടി മരിച്ചു. ദക്ഷിണകന്നഡ സ്വദേശിനിയായ ശർമിള(34)ആണ് മരിച്ചത്. ബെല്ലന്ദൂരിലെ ഐടി സ്ഥാപനത്തില്‍ ജീവനക്കാരിയാണ്. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.
രാമമൂർത്തി നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ സുബ്രഹ്മണ്യ ലേ ഔട്ടിലുള്ള ഫ്ലാറ്റിന്റെ മുകളിലത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. രാത്രി 10:30-ഓടെ വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ട വീട്ടുടമ വിജയേന്ദ്രൻ ഉടൻ തന്നെ പോലിസിനെയും അഗ്നിരക്ഷാ സേനയെയും വിവരമറിയിച്ചു. അഗ്നിരക്ഷാ സേന എത്തി വീടിന്റെ വാതിൽ പൊളിച്ചാണ് അകത്തുകടന്നത്. തീ അണച്ച ശേഷം നടത്തിയ പരിശോധനയിൽ ശർമിളയെ മുറിക്കുള്ളിൽ ബോധരഹിതയായി കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുറിയിൽ പുക നിറഞ്ഞതോടെ ശർമിളയ്ക്ക് പുറത്തിറങ്ങാൻ കഴിയാതിരുന്നതാണ് മരണകാരണമെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. ശർമിള താമസിച്ചിരുന്ന ഫ്ലാറ്റിലെ മറ്റൊരു മുറിയിൽ നിന്നാണ് തീ പടർന്നതെന്നാണ് കരുതുന്നത്.ഈ മുറിയിൽ താമസിച്ചിരുന്ന സുഹൃത്ത് അപകടസമയത്ത് നാട്ടിലായിരുന്നു. ഒരു വർഷം മുൻപാണ് ജോലിയുടെ ഭാഗമായി ശർമിള ബെംഗളൂരുവിലേക്ക് താമസം മാറിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
SUMMARY: A fire broke out in a flat in Bengaluru; The IT worker died of suffocation














