ധാക്ക: സംഘർഷാവസ്ഥ തുടരുന്ന ബംഗ്ലദേശിൽ ഒരു ഹിന്ദു യുവാവിനെ കൂടി ജനക്കൂട്ടം മർദിച്ചു കൊന്നു. അമൃത് മൊണ്ഡൽ (30) എന്ന യുവാവിനെയാണ് രാജ്ബാരി ഗ്രാമത്തിൽ കൊലപ്പെടുത്തിയത്. ബുധനാഴ്ച രാത്രിയാണ് സംഭവം. മതനിന്ദയാരോപിച്ച് ദീപു ചന്ദ്ര ദാസ് എന്ന യുവാവിനെ മർദിച്ച് കൊന്ന് ദിവസങ്ങൾക്കകമാണ് വീണ്ടും ആൾക്കൂട്ട കൊലപാതകം. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് അമൃത് മൊണ്ഡലിനെ കൊലപ്പെടുത്തിയത്.
രാജ്ബാരി ഗ്രാമത്തിൽ തന്നെയാണ് അമൃതിന്റെ വീട്. അതേസമയം, സാമ്രാട്ട് മേഖലയിലെ ക്രിമിനൽ ഗാംഗിന്റെ നേതാവാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
അമൃതും ഗ്യാംഗിലെ അംഗങ്ങളും ഗ്രാമത്തിലെ ഷാഹിദുൽ ഇസ്ലാം എന്നയാളുടെ വീട്ടിലെത്തി പണം തട്ടാൻ ശ്രമിച്ചതായി പറയുന്നു. ഇതോടെ നാട്ടുകാർ സംഘടിച്ച് ഇവരെ പിടികൂടി മർദിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ അമൃതിനെ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ചെ രണ്ടോടെ മരിച്ചു.
സംഘത്തിലെ മറ്റുള്ളവർ ഓടി രക്ഷപ്പെട്ടിരുന്നു. അമൃതിന്റെ സഹായിയായ മുഹമ്മദ് സലിം എന്നയാളെ രണ്ട് തോക്കുകളുമായി പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. കൊലക്കേസിൽ ഉൾപ്പെടെ പ്രതിയാണ് കൊല്ലപ്പെട്ട അമൃത് എന്ന് പോലീസ് പറഞ്ഞു.
SUMMARY: A Hindu youth was lynched by a mob in Bangladesh; locals say he was the leader of a criminal gang














