തിരുവനന്തപുരം: ജമാഅത്തെ ഇസ്‌ലാമി അയച്ച വക്കീല്‍ നോട്ടീസിന് മറുപടിയുമായി സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലൻ. തനിക്ക് മാപ്പ് പറയാൻ മനസ്സില്ലെന്നും കേസും കോടതിയും പുതുമയുള്ള കാര്യമല്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. ജയിലില്‍ പോകണമെന്നാണ് വിധിയെങ്കില്‍ അതിനും തയ്യാറാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, നോട്ടീസിലെ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും കൂട്ടിച്ചേർത്തു.
തന്നെ ന്യൂനപക്ഷവിരുദ്ധനായി ചിത്രീകരിക്കാനാണ് ശ്രമം നടക്കുന്നത്. 60 വർഷത്തെ പൊതുപ്രവർത്തനത്തിനിടയില്‍ ഒരിക്കല്‍പ്പോലും മതനിരപേക്ഷ നിലപാടുകളില്‍ നിന്ന് വ്യതിചലിച്ചിട്ടില്ല. മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിന് വേണ്ടി എപ്പോഴും നിലകൊണ്ടിട്ടുള്ള താൻ ഭരണഘടനാപരമായ കടമയാണ് നിർവഹിച്ചത്. നോട്ടീസ് അയക്കുന്നതിന് മുൻപ് മതരാഷ്ട്ര വാദം ഉയർത്തുന്ന ജമാഅത്തെ ഇസ്‌ലാമി അവരുടെ നയം വ്യക്തമാക്കണമെന്നും ബാലൻ ആവശ്യപ്പെട്ടു.
വർഗീയതയ്ക്കെതിരെ ആശയപ്രചാരണം നടത്തുന്നത് തെറ്റല്ലെന്നും താൻ പറഞ്ഞ കാര്യങ്ങള്‍ അപകീർത്തികരമല്ലെന്നും അദ്ദേഹം ആവർത്തിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നല്‍കിയ ന്യായീകരണത്തെ എടുത്തുപറഞ്ഞ എ.കെ. ബാലൻ, മാധ്യമങ്ങള്‍ തന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും കുറ്റപ്പെടുത്തി. തനിക്ക് നോട്ടീസ് ലഭിക്കുന്നതിന് മുമ്പെ അത് പരസ്യപ്പെടുത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
SUMMARY: ‘I won’t apologize, the case and the court are not new’; AK Balan’s reply to Jamaat-e-Islami














