കൊച്ചി: തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന കേസില്‍ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് മുൻമന്ത്രി ആന്റണി രാജുവിനെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കി. നെടുമങ്ങാട് കോടതി അദ്ദേഹത്തിന് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ച പശ്ചാത്തലത്തിലാണ് നിയമസഭാ സെക്രട്ടേറിയറ്റിന്റെ നടപടി. തിരുവനന്തപുരം സെൻട്രല്‍ മണ്ഡലത്തെയായിരുന്നു അദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്.
രണ്ട് വർഷത്തിലധികം തടവുശിക്ഷ ലഭിക്കുന്ന ജനപ്രതിനിധികള്‍ക്ക് ആ സ്ഥാനത്ത് തുടരാൻ അർഹതയുണ്ടാവില്ലെന്ന സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് ഈ നടപടി. ഇത്തരമൊരു സാഹചര്യത്തില്‍ കേരളത്തില്‍ അയോഗ്യനാക്കപ്പെടുന്ന ആദ്യ ജനപ്രതിനിധിയാണ് ആന്റണി രാജു. നിലവിലെ സാഹചര്യത്തില്‍ അദ്ദേഹത്തിന് ഭാവിയില്‍ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാൻ സാധിക്കില്ല. മേല്‍ക്കോടതിയില്‍ നിന്ന് ശിക്ഷയ്ക്ക് സ്റ്റേ ലഭിച്ചാലും അയോഗ്യത നിലനില്‍ക്കാനാണ് സാധ്യത.
ആന്റണി രാജുവിന് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. ശിക്ഷ ഏഴ് വർഷത്തില്‍ താഴെ ആയതുകൊണ്ടാണ് അപ്പീലില്‍ വിധി വരുന്നത് വരെ പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്. ഈ സമയത്തിനുള്ളില്‍ വിധിയില്‍ സ്റ്റേ വാങ്ങി കോടതിയെ അറിയിക്കാം. അല്ലെങ്കില്‍ ജയിലിലേക്ക് പോകേണ്ടി വരും. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് ആന്റണി രാജുവിന് മൂന്ന് വർഷം തടവ് വിധിച്ചത്.
രണ്ട് വർഷത്തില്‍ കൂടുതല്‍ ഏതെങ്കിലും കോടതി ശിക്ഷിച്ചാല്‍ അയോഗ്യനെന്നാണ് സുപ്രീകോടതിയുടെ വിധി. ഇത് പ്രകാരമാണ് ആന്റണി രാജുവിന് എംഎല്‍എ സ്ഥാനം നഷ്ടമായത്. 34 വർഷം മുമ്പ് നടന്ന സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. 409,120 ബി, 420, 201,193, 34, 217, 465 എന്നീ നിർണായകമായ വകുപ്പുകളാണ് ആന്റണി രാജുവിനെതിരെ തെളിഞ്ഞിരിക്കുന്നത്.
കേസില്‍ പതിമൂന്ന് വർഷം കഴിഞ്ഞാണ് കുറ്റപത്രം സമർപ്പിച്ചത്. ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെത്തുടർന്നായിരുന്നു നെടുമങ്ങാട് കോടതിയിലെ അന്തിമവാദം. കേസില്‍ 29 സാക്ഷികളുണ്ടായിരുന്നെങ്കിലും19 പേരെയാണ് വിസ്തരിച്ചത്. മരണവും രോഗവും മൂലം എട്ടുപേരെയും, രണ്ടുപേരെ പ്രോസിക്യൂഷനും ഒഴിവാക്കിയിരുന്നു.
1990 ഏപ്രില്‍ നാലിന് 60 ഗ്രാം ഹാഷിഷുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലിയെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ചുവെന്നാണ് കേസ്. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനായ ആന്റണി രാജു തന്റെ സീനിയറായ അഡ്വ. സെലിന്‍ വില്‍ഫ്രഡുമായി ചേര്‍ന്നാണ് ആന്‍ഡ്രൂവിന്റെ വക്കാലത്ത് ഏറ്റെടുത്തത്.
SUMMARY: Antony Raju disqualified from MLA post














