
ബെംഗളൂരു: മന്ത്രിസഭ തയാറാക്കി നൽകിയ നയപ്രഖ്യാപന പ്രസംഗം വായിക്കാതിരുന്ന ഗവർണർ തവർചന്ദ് ഗെഹലോട്ടിന്റെ നടപടിക്കെതിരെ കര്‍ണാടക സർക്കാർ. ഇന്നലെ വൈകിട്ട് ചേർന്ന പ്രത്യേക മന്ത്രിസഭായോഗമാണ് ഗവർണർക്കെതിരെ സ്വീകരിക്കാനാകുന്ന നിയമനടപടികളെക്കുറിച്ച് ചർച്ച ചെയ്തത്. നയപ്രഖ്യാപന പ്രസംഗം വായിക്കാതിരുന്ന ഗവർണറുടെ നടപടിയിൽ സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് സർക്കാർ. ഗവർണറെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത് അയക്കാനുള്ള സാധ്യതയും മന്ത്രിസഭായോഗം ചർച്ച ചെയ്തു.
പുതുവർഷത്തിലെ ആദ്യ സമ്മേളനത്തിലേക്ക് ഇന്നലെ ഗവർണർ തവർചന്ദ് ഗെഹലോട്ട് എത്തിയെങ്കിലും നയപ്രഖ്യാപന പ്രസംഗം പേരിനുമാത്രം വായിച്ച് ഇറങ്ങിപ്പോകുകയായിരുന്നു. മൂന്നു വാക്കുകൾ മാത്രമാണ് ഗവർണർ പറഞ്ഞത്. ദേശീയ ഗാനം പൂർത്തിയാകും മുമ്പ് ഇറങ്ങിപ്പോവുകയും ചെയ്തു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിൽ മാറ്റംവരുത്തി കേന്ദ്രസർക്കാർ വിബി-ജി റാം ജി പദ്ധതി നടപ്പാക്കിയതിനെതിരേയാണ് പ്രത്യേക സംയുക്ത നിയമസഭാസമ്മേളനം സർക്കാർ വിളിച്ചത്. പുതിയവർഷത്തെ ആദ്യ സമ്മേളനമായതിനാൽ ഗവർണർ സർക്കാരിന്റെ നയപ്രഖ്യാപനം നടത്തണമെന്നത് നിർബന്ധമാണ്. എന്നാല്‍ തൊഴിലുറപ്പുപദ്ധതി ഒഴിവാക്കിയതിനെതിരേ വിളിച്ച സമ്മേളനമായതിനാൽ കേന്ദ്ര സർക്കാരിനെതിരായ പരാമർശങ്ങൾ നയപ്രഖ്യാപന പ്രസംഗത്തിൽ ഉൾപ്പെട്ടു. ഇതോടെ പ്രസംഗം നടത്താനാവില്ലെന്ന് ബുധനാഴ്ച ഗവർണർ നിലപാടെടുത്തു. എന്നാല്‍ ഭരണഘടനാപരമായ ചുമതല നിറവേറ്റുന്നതിൽനിന്ന് വിട്ടുനിൽക്കാനാവാത്തതിനാൽ വ്യാഴാഴ്ച നടന്ന സമ്മേളനത്തില്‍ എത്തുകയായിരുന്നു. സഭയിലെത്തിയ ഗവർണർ പ്രസംഗം തുടങ്ങി മൂന്നു വാക്കുകളില്‍ ഒതുക്കി പെട്ടെന്ന് മടങ്ങുകയുംചെയ്തു.
സംസ്ഥാനത്ത് ഇതാദ്യമായാണ് നയപ്രഖ്യാപനം വായിക്കാതെ ഗവർണർ മടങ്ങുന്നത്. സർക്കാരുമായി സാധാരണയായി രാഷ്ട്രീയ നിലപാടുകളില്‍ വിഭിന്ന അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും മുൻ വർഷങ്ങളിൽ സർക്കാർ എഴുതിക്കൊടുക്കുന്ന നയപ്രഖ്യാപനം അതേപടി ഗവർണർ വായിക്കുന്നതായിരുന്നു പതിവ്.
അതേസമയം പ്രത്യേക നിയമസഭ സമ്മേളനം ഇന്നും തുടരും. സഭാ നടപടികളിലേക്ക് കടക്കും മുന്നേ മന്ത്രിസഭ ഉപദേശക സമിതിയുടെ യോഗം മുഖ്യമന്ത്രി ഇന്ന് വിളിച്ചു ചേർത്തിട്ടുണ്ട്.
SUMMARY: Government prepares to take action against Governor Thawarchand Gehlot for not reading the inaugural address














