ബെംഗളൂരു: മൈസൂരു ജില്ലയിൽ ഓട്ടോ യാത്രാനിരക്ക് വർധിപ്പിച്ചു. മൂന്ന് യാത്രക്കാരെ കയറ്റുന്നതിനുള്ള ഏറ്റവും കുറഞ്ഞ നിരക്കായി ഇനി മുതല്‍ ആദ്യത്തെ രണ്ടു കിലോമീറ്ററിന് 36 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 18 രൂപയും നല്‍കണം.
ആദ്യ അഞ്ചു മിനിറ്റ് കാത്തിരിപ്പ് നിരക്ക് സൗജന്യമായിരിക്കും. ഓരോ 15 മിനിറ്റിനും 10 രൂപ വീതം ഈടാക്കും. 20 കിലോ വരെയുള്ള ലഗേജ് ചാർജ് സൗജന്യമായിരിക്കും. അധികമായി വരുന്ന ഓരോ 20 കിലോക്കും 10 രൂപ ഈടാക്കും. ആർ.ടി.എയുടെ നിര്‍ദേശപ്രകാരം യാത്രക്കാരന് പരമാവധി 50 കിലോ വരെ കൊണ്ടുപോകാം. രാത്രി 10 മുതൽ പുലർച്ച അഞ്ചു വരെ രാത്രി ചാർജുകൾ ബാധകമായിരിക്കും. പുതുക്കിയ നിരക്കിന്‍റെ പകർപ്പ് ഓട്ടോറിക്ഷയിൽ പ്രദർശിപ്പിക്കണം. ജനുവരി ഒന്നു മുതൽ രണ്ട് മാസത്തിനുള്ളിൽ ലീഗൽ മെട്രോളജി വകുപ്പിൽ പുതുക്കിയ നിരക്കിന് അനുസൃതമായി ഓട്ടോ മീറ്റർ കാലിബ്രേറ്റ് ചെയ്യണമെന്നും ആർ.ടി.എ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
SUMMARY: Auto fares increased in Mysuru














