
ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാ നഗരപാലിക (ബി.ബി.എം.പി) വിഭജിച്ച് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ (ജി.ബി.എ) കീഴിൽ രൂപവത്കരിച്ച അഞ്ച് നഗര കോർപറേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾക്ക് പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍റേതാണ് തീരുമാനം. മേയ് 25-ന് ശേഷം നടക്കാനിരിക്കുന്ന ഈ സുപ്രധാന തിരഞ്ഞെടുപ്പിന് പുറമെ, ഈ വർഷാവസാനം നടക്കാനിരിക്കുന്ന ജില്ലാ, താലൂക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലും ബാലറ്റ് പേപ്പറുകൾ തന്നെയാകും ഉപയോഗിക്കുകയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ ജി.എസ്. സംഗ്രേഷി വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് രീതി നിശ്ചയിക്കുന്നതിൽ കമ്മീഷനുള്ള വിവേചനാധികാരം ഉപയോഗിച്ചാണ് ഈ മാറ്റം നടപ്പിലാക്കുന്നത്. ബാലറ്റ് പേപ്പർ ഉപയോഗിക്കുന്നതിൽ നിയമപരമായ തടസ്സങ്ങളില്ലെന്നും സുതാര്യത ഉറപ്പാക്കാൻ എല്ലാ പോളിംഗ് ബൂത്തുകളിലും വെബ് ക്യാമറകളും സിസിടിവി ക്യാമറകളും സ്ഥാപിക്കുമെന്നും കമ്മീഷണർ അറിയിച്ചു. കള്ളവോട്ട് തടയുന്നതിനായി ശക്തമായ പോലീസ് കാവലും ഏർപ്പെടുത്തും. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകൾ ബാലറ്റ് പേപ്പർ വഴി നടത്തണമെന്ന സംസ്ഥാന സർക്കാരിന്റെ ശുപാർശ കൂടി പരിഗണിച്ചാണ് ഈ തീരുമാനം.
സംസ്ഥാനത്തെ എല്ലാ പഞ്ചായത്ത്, നഗര, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുകൾ ബാലറ്റ് പേപ്പർ ഉപയോഗിച്ച് നടത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ശിപാര്‍ശ ചെയ്തിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വോട്ട് ചേരി ആരോപണത്തിന് പിന്നാലെയായിരുന്നു കര്‍ണാടക സര്‍ക്കാറിന്‍റെ നീക്കം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തില്‍പ്പെട്ട മഹാദേവപുര അസംബ്ലിക്ക് കീഴില്‍ വോട്ടുചോരി നടന്നു എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം.
അതേസമയം ജൂൺ 30നകം ബെംഗളൂരു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി കഴിഞ്ഞ ആഴ്ച കർണാടക സർക്കാറിനോടും സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷനോടും ആവശ്യപ്പെട്ടിരുന്നു. 2025-ൽ ബെംഗളൂരു നഗരസഭയെ സെൻട്രൽ, ഈസ്റ്റ്, വെസ്റ്റ്, നോർത്ത്, സൗത്ത് എന്നിങ്ങനെ അഞ്ച് മുനിസിപ്പൽ കോർപ്പറേഷനുകളായി വിഭജിച്ച ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. ആകെ 369 വാർഡുകളിലായി നടക്കുന്ന വോട്ടെടുപ്പിനായി 8,044 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. പുറത്തിറക്കിയ കരട് വോട്ടർ പട്ടിക പ്രകാരം 88,91,411 വോട്ടർമാരാണ് അഞ്ച് കോർപ്പറേഷനുകളിലുമായി ആകെ ഉള്ളത്.
വാർഡുകളിലെ വോട്ടർമാരുടെ എണ്ണത്തിൽ വലിയ വ്യത്യാസങ്ങളുണ്ട്. ബെംഗളൂരു വെസ്റ്റ് മുനിസിപ്പൽ കോർപ്പറേഷനിലെ 23-ാം വാർഡിലാണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് (49,530 പേർ). എന്നാൽ ബെംഗളൂരു ഈസ്റ്റ് കോർപ്പറേഷനിലെ 16-ാം വാർഡിൽ കേവലം 10,926 വോട്ടർമാർ മാത്രമാണുള്ളത്. നഗര വിഭജനത്തിന് ശേഷമുള്ള ഭരണസംവിധാനം കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ വാർഡ് വിഭജനവും തിരഞ്ഞെടുപ്പ് ക്രമീകരണങ്ങളും ഒരുക്കിയിരിക്കുന്നത്.
SUMMARY: Ballot papers to replace voting machines in Bengaluru local body elections













