
ബെംഗളൂരു: 17-ാമത് ബെംഗളൂരു അന്താരാഷ്ട ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും. വിധാൻസൗധയില്‍ വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനംചെയ്യും.ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, സ്പീക്കർ യു.ടി. ഖാദർ, കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊരട്ടി, നടൻ പ്രകാശ് രാജ്, നടി രുഗ്മിണി വസന്ത എന്നിവര്‍ പങ്കെടുക്കും. ഡച്ച് സംവിധായകൻ അബ്ദുൽകരീം അൽ ഫാസിയുടെ പോർട്ട് ബാഗേജ് ആണ് ഉദ്ഘാടന ചിത്രം. ഉദ്ഘാടനവേദിയിൽ ചിത്രം പ്രദർശിപ്പിക്കും.
‘വുമൺ: ആസ് ഷീ ഈസ്’ എന്നതാണ് ഇത്തവണത്തെ മേളയുടെ പ്രമേയം. എഴുപതിലധികം രാജ്യങ്ങളിൽനിന്നായി 225-ലധികം സിനിമകകളാണ് ഇത്തവണ പ്രദർശനത്തിന് എത്തുന്നത്. രാജാജിനഗറിലെ ലുലു മാളിലെ സിനിപോളിലാണ് കൂടുതല്‍ പ്രദർശനങ്ങൾ നടക്കുന്നത്. ചാമരാജ്‌പേട്ടയിലെ കന്നഡ ഫിലിം ആർട്ടിസ്റ്റ് അസോസിയേഷനിലും ബനശങ്കരിയിലെ സുചിത്ര ഫിലിം സൊസൈറ്റിയിലും ചിത്രങ്ങൾ പ്രദർശിപ്പിക്കും.
ഏഷ്യൻ സിനിമ, ചിത്രഭാരതി(ഇന്ത്യൻ സിനിമ), കന്നഡ സിനിമ എന്നീ വിഭാഗങ്ങളിലാണ് മത്സരം. ഓരോ വിഭാഗത്തിലും മൂന്നുവീതം പുരസ്കാരങ്ങള്‍ നല്‍കും. ഇന്ത്യൻ സിനിമാവിഭാഗത്തിൽ മോഹം, എ പ്രഗ്നന്റ് വിഡോ, ഭൂതലം, കാട്, മലവഴി, സർക്കീറ്റ് എന്നി ആറ് മലയാള സിനിമകൾ മത്സരരംഗത്തുണ്ട്.
മേള ഫെബ്രുവരി ആറിന് സമാപിക്കും. സമാപന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെലോട്ട് അധ്യക്ഷത വഹിക്കുകയും പുരസ്കാരങ്ങള്‍ വിതരണം ചെയ്യുകയും ചെയ്യും. പ്രശസ്ത നടൻ പ്രകാശ് രാജും പ്രശസ്ത നടി രുക്മിണി വസന്തുമാണ് ഫെസ്റ്റിവൽ അംബാസഡർമാർ.
SUMMARY: Bengaluru International Film Festival begins today; Port Baggage is the inaugural film














