ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കുന്നതിനെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ ബിജെപി. നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആർ. അശോക, സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര എന്നിവരുടെ അധ്യക്ഷതയിൽ ചേർന്ന ബെംഗളൂരുവിലെ ബിജെപി ജനപ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.
ബിബിഎംപി തിരഞ്ഞെടുപ്പ് നടത്തിയാൽ പരാജയപ്പെടുമെന്നതിനാൽ 2 കോർപറേഷനുകളെങ്കിലും ജയിക്കാൻ ലക്ഷ്യമിട്ടാണ് കോൺഗ്രസ് വിഭജനവുമായി മുന്നോട്ടു പോകുന്നതെന്ന് ആർ. അശോക ആരോപിച്ചു. നഗരവാസികൾ ഇത്തരമൊരു വിഭജനം ആഗ്രഹിക്കുന്നില്ലെന്നും ബിജെപി ഇതിനെതിരെ നിയമപോരാട്ടം നടത്തുമെന്നും അശോക പറഞ്ഞു.
തുരങ്ക റോഡ് പദ്ധതിക്കെതിരെ പ്രതിഷേധിക്കാനും യോഗത്തിൽ തീരുമാനമായി. കരിമ്പട്ടികയിൽ പെടുത്തിയ കമ്പനിക്കു തുരങ്ക റോഡ് പദ്ധതിയുടെ കരാർ നൽകാൻ സർക്കാർ ശ്രമിക്കുന്നതായി അശോക ആരോപിച്ചു. അശാസ്ത്രീയമായാണ് ബിബിഎംപി വിഭജനവും തുരങ്ക റോഡ് പദ്ധതിയും നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
SUMMARY: BJP plans to series of protest against division of BBMP.