ബെംഗളൂരു: ബെംഗളൂരു നഗരത്തിന്റെ വിദൂര ഭാഗങ്ങളിലേക്ക് വേഗത്തിൽ എത്താൻ സാധിക്കുന്ന വിധത്തില്‍ എക്സ്പ്രസ് ബസുകൾ ആരംഭിച്ച് ബിഎംടിസി (മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ). വെള്ളിയാഴ്ച രാവിലെ ശാന്തിനഗർ ഡിപ്പോയിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പുതിയ ബസ് സർവീസുകളുടെ ഫ്ലാഗ് ഓഫ് നിര്‍വഹിച്ചു. എക്സ്പ്രസ് ബസുകൾക്ക് നിലവിൽ നഗരത്തിൽ സർവീസ് ചെയ്യുന്ന ബിഎംടിസി ബസുകളെ അപേക്ഷിച്ച് സ്റ്റോപ്പുകൾ കുറവായിരിക്കും. സാധ്യമായ സ്ഥലങ്ങളിലെല്ലാം മേൽപ്പാലങ്ങൾ ഉപയോഗിക്കുന്നതിനാല്‍ യാത്രാസമയം കുറയുകയും ചെയ്യും.
കെമ്പെഗൗഡ ബസ് സ്റ്റാൻഡ്, ബനശങ്കരി ടിടിഎംസി എന്നിവിടങ്ങളിൽ നിന്ന് അത്തിബലെ, ദേവനഹള്ളി, ഹരോഹള്ളി, നെലമംഗല എന്നിവിടങ്ങളിലേക്കുള്ള എക്സ്പ്രസ് സര്‍വീസുകള്‍ മന്ത്രി പ്രഖ്യാപിച്ചു. ജൂൺ 21 മുതൽ ഇവ സര്‍വീസ് ആരംഭിക്കും.
| ബസ് നമ്പർ | പുറപ്പെടുന്ന സ്ഥലം | എത്തിച്ചേരുന്ന സ്ഥലം | ആകെ സര്‍വീസുകള്‍ |
| Ex-KBS-3A | കെമ്പെഗൗഡ ബസ് സ്റ്റാൻഡ് | അത്തിബലെ | 10 |
| Ex-600F | ബനശങ്കരി ടിടിഎംസി | അത്തിബലെ | 10 |
| Ex-298M | കെമ്പെഗൗഡ ബസ് സ്റ്റാൻഡ് | ദേവനഹള്ളി | 10 |
| Ex-213V | ബനശങ്കരി ടിടിഎംസി | ഹരോഹള്ളി | 8 |
| Ex-258C | കെമ്പെഗൗഡ ബസ് സ്റ്റാൻഡ് | നെലമംഗല | 10 |
48 ഷെഡ്യൂളുകളാണ് ഏര്‍പ്പെടുത്തിയത്. 20 മുതൽ 30 മിനിറ്റ് വരെ ഇടവേളകളിൽ ഇവ സര്‍വീസ് നടത്തും ‘എക്സ്പ്രസ് ഓർഡിനറി സർവീസസ്’ എന്ന പേരില്‍ എക്സ്പ്രസ് ബസ് സര്‍വീസിനായി 1,500 രൂപയുടെ (ടോൾ കൂടാതെ) പുതിയ പ്രതിമാസ പാസും ബിഎംടിസി പ്രഖ്യാപിച്ചിട്ടുണ്ട്.
SUMMARY: BMTC launches express services in Bengaluru













