
ലഖ്‌നൗ: ഡൽഹിയിൽ നിന്ന് പശ്ചിമ ബംഗാളിലെ ബാഗ്ദോഗ്രയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ എയർലൈൻസ് വിമാനമാണ് ബോംബ് ഭീഷണിയെത്തുടർന്ന് ലഖ്‌നൗ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കിയത്. വിമാനത്തിലെ ശുചിമുറിക്കുള്ളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ടിഷ്യൂ പേപ്പറിലെ കുറിപ്പാണ് പരിഭ്രാന്തി പരത്തിയത്. വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശമാണ് ടിഷ്യൂ പേപ്പറിൽ ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. രാവിലെ 8.46 ഓടെ എടിസിയിൽ സന്ദേശം ലഭിക്കുകയും തുടർന്ന് ഞായറാഴ്ച രാവിലെ 9.17 ഓടെ വിമാനം ലക്നൗവിൽ അടിയന്തരമായി ലാൻഡ് ചെയ്യുകയുമായിരുന്നു.
വിമാനത്തിലുണ്ടായിരുന്ന എട്ട് കുഞ്ഞുങ്ങളും രണ്ട് പൈലറ്റുമാരും അഞ്ച് ജീവനക്കാരും ഉൾപ്പെടെയുള്ള 230 യാത്രക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രാഥമിക പരിശോധനയിൽ, “പ്ലെയിൻ മെയിൻ ബോംബ്” എന്ന് ടിഷ്യു പേപ്പറിൽ കൈകൊണ്ട് എഴുതിയ കുറിപ്പ് കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
യാത്രക്കാരുടെയും ജീവനക്കാരുടെയും വിമാനത്തിന്റെയും സുരക്ഷയ്ക്കാണ് ഞങ്ങൾ മുൻഗണന നൽകുന്നത്. യാത്രക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ ആവശ്യമായ ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. അധികൃതരുമായി ചേർന്ന് പരിശോധനകൾ പൂർത്തിയാക്കി വരികയാണെന്നും ഇൻഡിഗോ പ്രസ്താവനയിൽ അറിയിച്ചു. നിലവിൽ ലഖ്‌നൗ വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനകൾ തുടരുകയാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
SUMMARY: Bomb threat; An IndiGo flight made an emergency landing with 230 passengers on board














