പാലൻപൂർ: ഗുജറാത്തിലെ അഹമ്മദാബാദില്‍ നവജാത ശിശുവുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സിന് തീപിടിച്ച് നാലുപേര്‍ വെന്തുമരിച്ചു. ചൊവ്വാഴ്ച രാത്രി മൊദാസയില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോകുകയായിരുന്ന ആംബുലൻസിനാണ് തീപിടിച്ചത്. പ്രസവിച്ച് ഒരു ദിവസം പ്രായമായ ആണ്‍ കുഞ്ഞ്, പിതാവ്, ഡോക്ടര്‍, നഴ്സ് എന്നിവരാണ് മരിച്ചത്.
മാസം തികയാതെ പ്രസവിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ കുഞ്ഞിന് വിദഗ്ധ ചികിത്സക്കായി കൊണ്ടുപോകുന്നതിനിടെയാണ് അപകടം നടന്നത്. മഹിസാഗർ ജില്ലയിലെ ലുനാവാഡയിലെ മൊദാസയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്കാണ് കുഞ്ഞിനെ ആദ്യം കൊണ്ടുപോയത്. എന്നാല്‍ കുഞ്ഞിന്റെ നില വഷളായതിനെത്തുടർന്ന്, അഹമ്മദാബാദിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ ഉപദേശിച്ചു.
കുഞ്ഞിനെയും കുടുംബത്തെയും കൊണ്ടുവരാൻ അഹമ്മദാബാദ് ആസ്ഥാനമായുള്ള ഓറഞ്ച് ചില്‍ഡ്രൻസ് ഹോസ്പിറ്റലില്‍ നിന്നാണ് ഡോക്ടറും നഴ്‌സും ഉള്‍പ്പെടുന്ന ആംബുലൻസ് അയച്ചതെന്ന് ആരവല്ലി എസ്പി മനോഹർസിങ് ജഡേജ പറഞ്ഞു. കുഞ്ഞിന്റെ അച്ഛൻ ജിഗ്നേഷ് മോച്ചി (38), മറ്റ് രണ്ട് കുടുംബാംഗങ്ങള്‍ എന്നിവരാണ് ആംബുലൻസില്‍ അഹമ്മദാബാദിലേക്ക് പോയത്.
എന്നാല്‍, മൊദാസയില്‍ നിന്ന് ഏതാനും കിലോമീറ്റർ പിന്നിട്ടപ്പോള്‍ വാഹനം പെട്ടെന്ന് തീപിടിച്ചു. തീ പെട്ടന്ന് ആളിപ്പടരുകയും അഗ്നിശമന സേന എത്തി തീ അണയ്ക്കുന്നതിന് മുമ്പ് കുഞ്ഞ്, അച്ഛൻ, ഡോക്ടർ, നഴ്‌സ് എന്നിവർ മരിച്ചിരുന്നു. മരിച്ച ഡോക്ടർ അഹമ്മദാബാദില്‍ നിന്നുള്ള 30 വയസ്സുള്ള രാജ്കരണ്‍ ശാന്തിലാല്‍ റെന്റിയ ആണെന്നും നഴ്‌സ് ആരവല്ലി ജില്ലയില്‍ താമസിക്കുന്ന ഭൂരി മനാത്ത് (23) ആണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.
അപകടത്തില്‍ മൂന്ന് പേർക്ക് ഗുരുതരമായ പൊള്ളലേറ്റു. ഡ്രൈവറുടെ ക്യാബിനില്‍ ഇരുന്നിരുന്ന മൂന്ന് പേർക്കാണ് ഗുരുതരമായി പരിക്കേറ്റതെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ആർഡി ദാബി പറഞ്ഞു. ‘അടിയന്തര വൈദ്യസഹായത്തിനായി അവരെ ആശുപത്രിയിലേക്ക് മാറ്റി.
SUMMARY: Four people, including a one-day-old baby, father, and doctor, burned to death in ambulance fire













