ബെംഗളൂരു: തിപ്പസന്ദ്ര ഫ്രണ്ട്സ് അസോസിയേഷനും മലയാളം മിഷനും കർണാടക സർക്കാറിന്റെ സഹകരണത്തോടെ നടത്തിയ കന്നഡ ക്ലാസ് പരീക്ഷ എഴുതിയ വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വിധാനസൗധയിലെ കന്നഡ അഭിവൃദ്ധി പ്രാധികാര സെക്രട്ടറി സന്തോഷ് കുമാറിൽ നിന്നും അസോസിയേഷൻ ഭാരവാഹികൾ ഏറ്റുവാങ്ങിയ സർട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്തത്. ചടങ്ങിൽ പുതിയ ക്ലാസിന്റെ ഉദ്ഘാടനവും നടന്നു.
മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കർണാടകയിൽ വന്നു ജീവിക്കുമ്പോൾ സംസ്ഥാന ഭാഷയായ കന്നഡ എഴുതാനും വായിക്കാനും പഠിക്കുന്നത് കർണാടക സംസ്കാരത്തെ പഠിക്കാനും അവിടുത്തെ ജനങ്ങളോട് ഇഴുകിച്ചേരാനും സഹായിക്കുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മലയാളം മിഷൻ കർണാടക ചാപ്റ്റർ അധ്യക്ഷൻ ദാമോദരൻ അഭിപ്രായപ്പെട്ടു. കർണാടകയിൽ മലയാളം മിഷന് കീഴിലുള്ള എല്ലാ സെന്ററുകളിലും കന്നഡ ക്ലാസുകൾ ആരംഭിക്കുമെന്നും 21 സെന്ററുകളിൽ ഇതിനോടകം കന്നഡ ക്ലാസ് ആരംഭിച്ചു കഴിഞ്ഞു എന്നും മലയാളം മിഷൻ കോഡിനേറ്റർ, ടോമി ആലുങ്കൽ പറഞ്ഞു.
കല്പന പ്രദീപ്, ത്രിവേണി ശ്രീനിവാസമൂർത്തി എന്നിവർ കന്നഡ വർണ്ണമാലെ എഴുതിക്കൊണ്ട് പുതിയ ക്ലാസ് ആരംഭിച്ചു. വിദ്യാർഥികൾ കന്നഡ ഗീതങ്ങൾ ആലപിച്ചു പ്രതിഭ പി പി, തങ്കമ്മ സുകുമാരൻ, രേവതി കൃഷ്ണമൂർത്തി, ആർവി പിള്ള, പ്രദീപ്. പി. പി, എ.കെ രാജൻ എന്നിവർ സംസാരിച്ചു.
SUMMARY: Certificate distribution and inauguration of the new batch of Kannada study class














