തിരുവനന്തപുരം: മലയാള ഭാഷ ബില്ലിൽ എതിര്‍പ്പ് ഉന്നയിച്ച കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബില്ലിനോടുള്ള എതിര്‍പ്പ് വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നും ബില്ല് ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലയാളം ആരെയും അടിച്ചേൽപ്പിക്കുന്നില്ലെന്നും ഭാഷാ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കനഡ, തമിഴ് ന്യൂനപക്ഷങ്ങള്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാതൃഭാഷ ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഒരു ഭാഗത്തിനും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങൾ കേരളം ചെയ്യില്ലെന്നും എല്ലാവർക്കും ജോലി ചെയ്യാൻ പറ്റുന്ന സംസ്ഥാനമാണ് കേരളമെന്നുമാണ് ഭാഷാ ബില്ലിൽ ധനമന്ത്രി കെഎൻ ബാലഗോപാലും പ്രതികരിച്ചത്. ഒരു സംസ്ഥാനത്തിനും അത്തരം വികാരം ഉണ്ടാവേണ്ട കാര്യമില്ലെന്നും കേരളത്തിന് അത്തരം ഒരു സമീപനമില്ലെന്നും കെഎൻ ബാലഗോപാൽ പറഞ്ഞു. അതേസമയം, മലയാള ഭാഷ ബില്ലുമായി ബന്ധപ്പെട്ട് കേരളത്തിലെ ഭാഷാ ന്യൂനപക്ഷങ്ങളുടെ ആശങ്ക കൂടി പരിഗണിക്കണമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു.
കേരള സര്‍ക്കാരിന്‍റെ മലയാള ഭാഷ ബില്ലിനെതിരെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. ബില്ലുമായി മുന്നോട്ട് പോകരുതെന്ന് ആവശ്യപ്പെട്ട് സിദ്ധരാമയ്യ കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. ഇതിനുപിന്നാലെയണ് മുഖ്യമന്ത്രിയുടെ മറുപടി. മലയാള ഭാഷാ ബിൽ 2025 എന്ന പേരിൽ സ്കൂൾ തലം മുതൽ ഭരണഭാഷ വരെ മലയാളത്തിലാക്കാൻ വ്യവസ്ഥ ചെയ്യുന്ന ബില്ലിനെ ചൊല്ലിയാണ് കേരളവും കർണാടകവും തമ്മില്‍ തര്‍ക്കം ഉടലെടുത്തിരിക്കുന്നത്. ബിൽ കാസർകോട്ടെ ഭാഷാ ന്യൂനപക്ഷ മേഖലയിലേക്കുള്ള കടന്നുകയറ്റമാണെന്നാണ് കർണാടകത്തിന്‍റെ വാദം. ഇന്നലെ ട്വീറ്റിലൂടെ കേരളത്തെ പ്രതിഷേധം അറിയിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ പിന്നാലെ കേരള മുഖ്യമന്ത്രിക്ക് കത്തയക്കുകയായിരുന്നു.
SUMMARY: Chief Minister Pinarayi Vijayan responds to Siddaramaiah on Malayalam Language Bill














