പാലക്കാട്: പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കസ്റ്റഡിയില്‍. പാലക്കാട് നഗരത്തിലെ ഹോട്ടലില്‍ നിന്നും പ്രത്യേക അന്വേഷണ സംഘമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയില്‍ എടുത്തത്. ചോദ്യം ചെയ്യലിന് ശേഷം ഇന്ന് തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. വനിത പൊലീസ് ഉള്‍പ്പെടേയുള്ള സംഘം രാഹുല്‍ താമസിച്ചിരുന്ന ഹോട്ടലിലേക്ക് രാത്രി 12 മണിയോടെ എത്തുകയായിരുന്നു. ഇന്നലെ രാവിലെ മുതൽ രാഹുൽ പോലീസ് നിരീക്ഷണത്തിലായിരുന്നു. ഒളിവിൽ പോകാൻ സമയംകൊടുക്കാതെ അതിനാടകീയമായിട്ടായിരുന്നു രാഹുലിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. വളരെ രഹസ്യമായിട്ടായിരുന്നു പോലീസ് നീക്കം.
രാഹുൽ ക്രൂരമായി ബലാത്സംഗം ചെയ്‌തെന്നാണ് പുതിയ പരാതിയിൽ യുവതി പറയുന്നത്. പുതിയ പരാതി കൂടി എത്തിയതോടെ രാഹുലിനെതിരെ മൂന്ന് ബലാത്സംഗ കേസുകളാണ് നിലവിലുള്ളത്. പാലക്കാട് ഫ്ളാറ്റ് വാങ്ങിത്തരണമെന്നും സാമ്പത്തികമായി ചൂഷണം ചെയ്‌തെന്നും പരാതിയിൽ വ്യക്തമാക്കുന്നു. തിരുവല്ലയിൽ വച്ചാണ് രാഹുൽ യുവതിയെ ബലാത്സംഗം ചെയ്തത് എന്നാണ് സൂചന. ക്രൂരമായ ബലാൽസംഗവും, നിർബന്ധിത ഗർഭഛിദ്രവും, സാമ്പത്തിക ചൂഷണവുമടക്കം ഗുരുതര ആരോപണങ്ങളുന്നയിച്ച് പത്തനംതിട്ട സ്വദേശിനി ഇമെയിൽ വഴി നൽകിയ പരാതിയിലാണ് രാഹുലിനെ പാലക്കാട്ടെ കെപിഎം റീജ്യൻസി ഹോട്ടലിൽ നിന്നും കസ്റ്റഡിയിലെടുത്തത്.
SUMMARY: Rahul Mangkootathil MLA arrested
















