തിരുവനന്തപുരം: കേരളം അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ചേരുന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ മുഖ്യമന്ത്രി ആയിരിക്കും പ്രഖ്യാപനം നടത്തുക. പ്രത്യേക പ്രസ്താവനയിലൂടെ ആയിരിക്കും പ്രഖ്യാപനം. ശനിയാഴ്ച സഭ ചേരുന്നതിന് പ്രത്യേക അനുമതി വേണമെന്നതിനാൽ ബന്ധപ്പെട്ട ചട്ടം സസ്പെൻഡ് ചെയ്തു കൊണ്ടായിരിക്കും സമ്മേളന നടപടികൾ ആരംഭിക്കുക.
വൈകീട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പൊതുപ്രഖ്യാപനം നടത്തും. എല്ലാ മന്ത്രിമാരും ചലച്ചിത്രതാരങ്ങളായ കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ എന്നിവർ ചടങ്ങിൽ പങ്കെടുക്കും പങ്കെടുക്കും. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രത്യേക പരിപാടിയും നടത്തും.
നാല് വർഷത്തെ സുദീർഘമായ നടപടിയിലൂടെയാണ് അതിദാരിദ്ര്യമുക്ത കേരളം യാഥാർത്ഥ്യമാക്കിയതെന്ന് മന്ത്രി എംബി രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയപ്പോൾ ആദ്യ മന്ത്രിസഭയിലെടുത്ത തീരുമാനമായിരുന്നു അതിദാരിദ്ര്യ നിർമ്മാർജ്ജനം. വിശദമായ മാർഗരേഖയും പുറത്തിറക്കിയിരുന്നു. സർക്കാർ പദ്ധതികളുടെയും ക്ഷേമപദ്ധതികളുടെയും യാതൊരു ആനുകൂല്യവും ലഭിക്കാത്തവരെയും യാതൊരു തിരിച്ചറിയൽ രേഖയും ഇല്ലാത്തവരെയും കണ്ടെത്തുകയായിരുന്നു ആദ്യ ഘട്ടം. ഐക്യരാഷ്ട്രസഭയുടെ ഒന്നും രണ്ടും സുസ്ഥിരവികസന ലക്ഷ്യങ്ങൾ (ദാരിദ്ര്യ നിർമാർജനവും വിശപ്പിൽനിന്നുള്ള മോചനവും) പൂർണമായി കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യസംസ്ഥാനമായി കേരളം മാറുമെന്ന് സർക്കാർ വിശദീകരിക്കുന്നു.
2021-ലാണ് അതിദാരിദ്ര്യമുക്തയജ്ഞം സർക്കാർ തുടങ്ങിയത്. സർവേയിലൂടെ അതിദരിദ്രരായി കണ്ടെത്തിയ 64,006 കുടുംബങ്ങളിൽ 4445 പേർ അഞ്ചുകൊല്ലത്തിനിടെ മരിച്ചു. അലഞ്ഞുതിരിഞ്ഞുനടന്ന 231 കുടുംബങ്ങളെ കണ്ടെത്താനോ സഹായിക്കാനോ ആയില്ല. ഒന്നിലേറെ തദ്ദേശസ്ഥാപനങ്ങളിലെ പട്ടികയിൽപ്പെട്ട 47 നാടോടികളെ ഒരിടത്തുമാത്രം നിലനിർത്തി. ഇവരുൾപ്പെട്ട 4723 കുടുംബങ്ങളെ പട്ടികയിൽനിന്ന് താത്കാലികമായി ഒഴിവാക്കി. ബാക്കിയുള്ള 59,283 കുടുംബങ്ങളെയാണ് അതിദാരിദ്ര്യമുക്തരാക്കിയത്.
SUMMARY: Chief Minister to declare Kerala as a state without extreme poverty today














